2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അമേരിക്കയുടെ ഉപരോധ കൊലപാതകം

പുതിയ സാഹചര്യത്തില്‍ നല്ല ബന്ധങ്ങള്‍ തേടുകയാണു തുര്‍ക്കി. റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കി സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാണു തുര്‍ക്കിയുടെ ശ്രമം. നല്ല വ്യാപാരബന്ധം തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളും ഒപ്പമുണ്ടാകും. എന്നാല്‍, സാഹചര്യത്തിനുസരിച്ച് നിലപാടുകളും സൗഹൃദ ബന്ധങ്ങളും മാറി മാറി പരീക്ഷിച്ച ചരിത്രമാണ് തുര്‍ക്കിക്കുള്ളത്. 2019 മാര്‍ച്ചില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന തുര്‍ക്കിക്കും ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്കും നിര്‍ണായകദിനങ്ങളാണു മുന്നിലുള്ളത്.

ഇ.സി സ്വാലിഹ് വാഫി ഓമശ്ശേരി

 

 

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അധികാരക്കസേരയില്‍ ഇരുന്നതു മുതല്‍ ഇഷ്ടമില്ലാത്ത രാജ്യങ്ങളെ മുഴുവന്‍ ഉപരോധിച്ച് ഇല്ലാതാക്കുകയെന്ന നയം നടപ്പാക്കിവരികയാണ്. ഇറാന്‍ മുതല്‍ ഉത്തരകൊറിയ വരെയുള്ള രാജ്യങ്ങള്‍ അനുഭവിച്ച ആ ഞെക്കിക്കൊല്ലലിന് ഇപ്പോള്‍ വിധേയമായിക്കൊണ്ടിരിക്കുന്നത് ലോകത്തെ സുപ്രധാന മുസ്‌ലിംരാജ്യമായ തുര്‍ക്കിയാണ്.
പക്ഷേ, ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി അമേരിക്കന്‍ തന്ത്രത്തിനു മുന്നില്‍ കീഴടങ്ങാന്‍ തയാറല്ല. എന്ത് വിലകൊടുത്തും നേരിടുമെന്ന വാശിയിലാണ് ഉര്‍ദുഗാന്‍. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഈ കൊമ്പുകോര്‍ക്കല്‍ സാമ്പത്തികയുദ്ധത്തിലേക്കു വഴിതെളിച്ചിരിക്കുകയാണ്. യൂറോപ്പിലെ ആറാമത്തെ സാമ്പത്തികശക്തിയായ തുര്‍ക്കിയുടെ സമ്പദ്‌മേഖലയെ ഇതു പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 7.4 ശതമാനം വളര്‍ച്ച കൈവരിച്ച തുര്‍ക്കി ഇപ്പോള്‍ സര്‍വകാല തകര്‍ച്ചയിലാണ്.
തുര്‍ക്കി ലിറയുടെ മൂല്യം 40 ശതമാനത്തിലധികം കുറഞ്ഞു. അമേരിക്കയുടെ ഉപരോധം തുടര്‍ന്നും വലിയ തകര്‍ച്ചയുണ്ടാക്കുമെന്നാണു സാമ്പത്തികവിദഗ്ധരുടെ നിഗമനം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വരരാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണു വിലയിരുത്തല്‍. ഡോളറിനെതിരേ രൂപയുടെ മൂല്യവും എക്കാലത്തെയും താഴ്ന്നനിലവാരത്തില്‍ എത്തിനില്‍ക്കുകയാണ്.
ഡോളറിന്റെ കുതിപ്പ് ഇതുപോലെ തുടരുകയാണെങ്കില്‍ വലിയ പ്രതിസന്ധിയാണു തുര്‍ക്കിയെ കാത്തിരിക്കുന്നത്. ഊര്‍ജമേഖലയിലും ഇലക്ട്രോണിക് ഉല്‍പ്പന്ന ഇറക്കുമതിയിലും വിലക്കയറ്റം വലിയ വെല്ലുവിളിയാണ്. തല്‍ഫലമായി പലിശനിരക്കു വര്‍ധിക്കുന്നതിലൂടെ രാജ്യപുരോഗതി തടസ്സപ്പെടും. വ്യവസായങ്ങള്‍ നിലയ്ക്കും, തൊഴിലില്ലായ്മ വര്‍ധിക്കും.
എങ്കിലും അമേരിക്കയോടു പോരാടാന്‍ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം. തകര്‍ച്ചയെ നേരിടാന്‍ സ്വര്‍ണവും ഡോളറും ലിറിലേക്ക് എക്‌സ്‌ചേഞ്ച് ചെയ്യാനും അമേരിക്കയുടെ ആപ്പിള്‍ പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കാനും ഉര്‍ദുഗാന്‍ ജനങ്ങളോടഭ്യര്‍ഥിച്ചിരുന്നു. തുര്‍ക്കിയുടെ ഉല്‍പ്പാദനം സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് ഉര്‍ദുഗാന്‍ പറയുന്നു. പ്രതിസന്ധിയെ നേരിടാന്‍ പലിശ നിരക്കു കുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വളര്‍ച്ചയിലേയ്ക്കുള്ള തുര്‍ക്കിയുടെ പാത തടയാന്‍ ഒരു ലോബിക്കും സാധ്യമല്ലെന്നാണ് ഉര്‍ദുഗാന്‍ പറയുന്നത്. ഖത്തറിന്റെ പിന്തുണ തുര്‍ക്കിക്ക് ആശ്വാസം നല്‍കുന്നതാണ്. വന്‍ സാമ്പത്തികനിക്ഷേപ പദ്ധതികളാണു ഖത്തര്‍ തുര്‍ക്കിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയാധികാരത്തിനു നേര്‍ക്കുള്ള ആക്രമണത്തിനെതിരായ ചെറുത്തുനില്‍പ്പ് വിജയിക്കുമെന്നും പ്രതിസന്ധി തരണം ചെയ്തു മുന്നേറുമെന്നും കഴിഞ്ഞദിവസം ഒരു പൊതുപരിപാടിയില്‍ ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. അതേസമയം, എതിരാളികളെ തന്ത്രപൂര്‍വം നേരിടുന്നതിനു പകരം ഉര്‍ദുഗാന്റെ എടുത്തുചാട്ടമാണു കാര്യങ്ങള്‍ വഷളാക്കിയതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മീര്‍ നഗരത്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സഭാപാലകനും അമേരിക്കക്കാരനുമായ ആന്‍ഡ്രൂ കെയ്ഗ് ബ്രന്‍സനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാന്‍ കാരണം. നേരത്തേ, സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കുര്‍ദുകള്‍ക്ക് അമേരിക്ക പിന്തുണ നല്‍കിയതും ഉര്‍ദുഗാനെ പ്രകോപിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്ന് ആന്റി മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള തുര്‍ക്കിയുടെ തീരുമാനവും ഇറാനെതിരേ ട്രംപ് കൊണ്ടുവന്ന ഉപരോധത്തെ തുര്‍ക്കി തള്ളിയതും ബന്ധം വഷളാക്കി.
2016ലെ തുര്‍ക്കിയിലെ പട്ടാള അട്ടിമറിയുടെ സൂത്രധാരനെന്ന് ഉര്‍ദുഗാന്‍ ആരോപിക്കുന്ന മതപണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍ അമേരിക്കയിലാണുള്ളത്. പലതവണ തുര്‍ക്കി ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ അമേരിക്ക തയാറായിട്ടില്ല. വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നായിരുന്നു അമേരിക്കയുടെ മറുപടി. അട്ടിമറിസംഭവത്തില്‍ നിരവധി അമേരിക്കന്‍ വംശജര്‍ക്കെതിരെയും തുര്‍ക്കി കേസെടുത്തിരുന്നു. ഇക്കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ട്. ഉര്‍ദുഗാന്‍-ഫത്ഹുല്ല ഗുലന്‍ സഖ്യത്തിന്റെ അകല്‍ച്ചയും പോരാട്ടവും ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും നിലനില്‍ക്കുകയാണ്.
അമേരിക്കക്കാരനായ ആന്‍ഡ്രൂ ബ്രന്‍സനെ ഭീകരവാദത്തിന്റെയും ചാരവൃത്തിയുടെയും പേരിലാണ് 2016 ഒക്ടോബറില്‍ തുര്‍ക്കി അറസ്റ്റ് ചെയ്യുന്നത്. തുര്‍ക്കി നിരോധിച്ച കുര്‍ദ് പാര്‍ട്ടിയായ പി.കെ.കെയുമായും ഹിസ്മത്ത് സ്ഥാപകന്‍ ഫതഹുല്ല ഗുലനുമായും അദ്ദേഹത്തിന് അടുപ്പമുണ്ടെന്നാണ് ആരോപണം. രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടുതടങ്കലിലേയ്ക്കു മാറ്റി. ജൂലൈ 18ന് ബ്രന്‍സനെ വിട്ടയക്കാനുള്ള പ്രമേയം കോടതി തള്ളിയിരുന്നു. അടുത്ത വിചാരണയുടെ സാക്ഷ്യങ്ങള്‍ കേള്‍ക്കുന്നതുവരെ വീട്ടുതടങ്കല്‍ തുടരാന്‍ തീരുമാനിച്ചു. കുറ്റക്കാരനാണെങ്കില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
അന്യമതവിശ്വാസിയായതിന്റെ പേരിലാണു ബ്രന്‍സനെ പീഡിപ്പിക്കുന്നതെന്നും തുര്‍ക്കിയില്‍ മതസ്വാതന്ത്ര്യമില്ലെന്നും യു. എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും മതപ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്നും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുള്‍പ്പെടെ പറഞ്ഞത് തുര്‍ക്കിക്കു രക്ഷയായി.
ബ്രന്‍സനെ വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്നു ട്രംപ് നേരത്തേ അറിയിച്ചിരുന്നു. പലതവണ ഈ വിഷയം ട്രംപ് ഉര്‍ദുഗാനുമായി ചര്‍ച്ചചെയ്തതുമാണ്. തുര്‍ക്കി മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നും ബ്രന്‍സനെ കുടുക്കാന്‍ ഉര്‍ദുഗാന്റെ മന്ത്രിമാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു.
ഇതിനെ തുടര്‍ന്ന് ഉര്‍ദുഗാന്‍ മന്ത്രിസഭയിലെ പ്രമുഖരായ രണ്ടു മന്ത്രിമാര്‍ക്ക് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ താരിഫ് കുത്തനെ ഉയര്‍ത്തി. സ്റ്റീലിനു 50 ശതമാനവും അലൂമിനിയത്തിനു 20 ശതമാനവും താരിഫ് വര്‍ധിപ്പിച്ചു. ഇത് തുടക്കം മാത്രമാണെന്നും ഭാവിയില്‍ വലിയ നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
തുര്‍ക്കിയാകട്ടെ, വിരളാതെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി. അമേരിക്കയുടെ രണ്ടു മന്ത്രിമാരുടെ ആസ്തി മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നാണ് ഉര്‍ദുഗാന്‍ പറയുന്നത്. ‘അവര്‍ക്കു ഡോളറുണ്ടെങ്കില്‍ ഞങ്ങള്‍ക്കു ജനങ്ങളും അല്ലാഹുവുമുണ്ടെന്നാ’ണ് അദ്ദേഹത്തിന്റെ വാദം.
ട്രംപിന്റെ ഉപരോധതന്ത്രം യൂറോപ്പിലേക്കു കൂടി വ്യാപിച്ചതോടെ ശക്തമായ മറുപടിയുമായി യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുണ്ട്. അമേരിക്കയ്ക്കു പ്രതികൂലമായ യൂറോപ്യന്‍ യൂനിയന്റെ നിലപാട് തുര്‍ക്കിക്കു കരുത്തേകും. അവര്‍ക്ക് യൂറോപ്പിനോടു കൂടുതല്‍ അടുക്കാനും ഇതു വഴിയൊരുക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ മുസ്‌ലിംരാജ്യങ്ങളുടെ പിന്തുണയും തുര്‍ക്കിക്കു ലഭിക്കുന്നതോടെ അമേരിക്കയ്ക്കു വന്‍തിരിച്ചടിയാകും.
അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ലോക വ്യാപാര സംഘടനയില്‍ നിന്നു പിന്‍വാങ്ങുമെന്ന ഭീഷണിയാണിപ്പോള്‍ ട്രംപ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം തുര്‍ക്കിക്കെതിരേയുള്ള അമേരിക്കന്‍ നിലപാടു കൂടുതല്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ട്രംപിനെ വിമര്‍ശിച്ചു രംഗത്തെത്തി. മറ്റു രാജ്യങ്ങളെ ഉപരോധങ്ങളിലൂടെയും സാമ്പത്തികനടപടിയിലൂടെയും പരിഹസിക്കുന്നത് അമേരിക്കയുടെ പതിവുരീതിയാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫിന്റെ പ്രതികരണം.
പുതിയ സാഹചര്യത്തില്‍ നല്ല ബന്ധങ്ങള്‍ തേടുകയാണു തുര്‍ക്കി. റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കി സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാണു തുര്‍ക്കിയുടെ ശ്രമം. നല്ല വ്യാപാരബന്ധം തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളും ഒപ്പമുണ്ടാകും. എന്നാല്‍, സാഹചര്യത്തിനുസരിച്ച് നിലപാടുകളും സൗഹൃദ ബന്ധങ്ങളും മാറി മാറി പരീക്ഷിച്ച ചരിത്രമാണ് തുര്‍ക്കിക്കുള്ളത്. 2019 മാര്‍ച്ചില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന തുര്‍ക്കിക്കും ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്കും നിര്‍ണായകദിനങ്ങളാണു മുന്നിലുള്ളത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.