2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

അമേരിക്കന്‍ ജനതക്ക് നന്ദി പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗം: വേണ്ടത് സഹിഷ്ണുത നിറഞ്ഞ അമേരിക്ക- ബരാക് ഒബാമ

ഷിക്കാഗോ: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണു വേണ്ടതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ജനാധിപത്യമാണു രാജ്യത്തിന്റെ അടിസ്ഥാനമെന്നും വംശീയ വിദ്വേഷമടക്കമുള്ള ജനങ്ങളെ വിഭജിക്കുന്ന എല്ലാ തിന്മകളും തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിക്കാഗോയിലെ ഇല്ലിനോയ്‌സില്‍ അമേരിക്കന്‍ സമയം രാത്രി ഒന്‍പതിനായിരുന്നു വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം നടന്നത്. 2008ല്‍ മാറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച അതേ വേദി തന്നെ എട്ടുവര്‍ഷത്തിനു ശേഷം വിടവാങ്ങല്‍ പ്രസംഗത്തിനും വേദിയായി. ആയിരങ്ങളാണു ചടങ്ങിനു സാക്ഷിയാകാനെത്തിയത്. 50 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ ഭീകരതയും വംശീയ, ലിംഗ വിവേചനങ്ങളും കാലാവസ്ഥാ മാറ്റവുമെല്ലാം മുഖ്യ വിഷയങ്ങളായി.
അമേരിക്കന്‍ ജനാധിപത്യം വന്‍ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്നും ഇതിനെതിരേ ജാഗരൂകരാകേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും പ്രസംഗത്തില്‍ ഒബാമ ഓര്‍മിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണി മാറ്റത്തെ ഭയക്കുന്നവരാണ്. വ്യത്യസ്തമായ രൂപമുള്ളവരെ, വ്യത്യസ്തമായി പ്രാര്‍ഥിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെയൊക്കെ അവര്‍ക്കു പേടിയാണ്. സ്വതന്ത്യ ചിന്തയെയും വിമര്‍ശനത്തെയും ഭയക്കുന്നവര്‍. വാളും ബോംബും പ്രൊപഗണ്ടാ മെഷിനുകളുമാണ് സത്യവും നേരും നിര്‍ണയിക്കുന്ന ആത്യന്തിക വിധികര്‍ത്താവെന്നാണ് അവരുടെ വിശ്വാസം. സാമ്പത്തിക വിവേചനം, വളര്‍ന്നുവരുന്ന വര്‍ഗീയത, ഇസ്‌ലാമിനു വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ഭയം തുടങ്ങിയ വിഷയങ്ങള്‍ ജനാധിപത്യത്തിനു വന്‍ ഭീഷണിയാണ്.
എട്ടുവര്‍ഷം തുടര്‍ച്ചയായി ലഭിച്ച ഭരണത്തില്‍ ജനങ്ങളുടെ പിന്തുണയോടെ എല്ലാവിധ ഭീഷണികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതായി ഒബാമ അവകാശപ്പെട്ടു. ബൂസ്റ്റണ്‍, ഒര്‍ലാന്‍ഡോ, സാന്‍ ബെര്‍നാര്‍ഡിനോ സംഭവങ്ങള്‍ ഓര്‍മിപ്പിച്ച അദ്ദേഹം ബിന്‍ലാദനടക്കമുള്ള ആയിരക്കണക്കിനു ഭീകരവാദികളെ പിടികൂടാനും കൊലപ്പെടുത്താനും നമുക്കായെന്നും പറഞ്ഞു. ഐ.എസ് ഉടന്‍ നാമാവശേഷമാകും. അമേരിക്കക്കു ഭീഷണി സൃഷ്ടിക്കുന്ന ആരും സുരക്ഷിതരായിരിക്കില്ല. പൗരന്മാരുടെ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നുവെന്നതു ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മാണം നടത്തേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് ആപത്തമാണ്. രാഷ്ട്രീയ പരിഗണനയോ വര്‍ഗ-വര്‍ണ പരിഗണനകളോ ജനാധിപത്യ സംരക്ഷണത്തിനു തടസമാകരുത്. മുസ്‌ലിംകള്‍ക്കെതിരേയുള്ള വിവേചനങ്ങള്‍ അംഗീകരിക്കാവതല്ല. ജനാധിപത്യവും മനുഷ്യാവകാശവും ശക്തിപ്പെടുത്തുകയും സ്ത്രീകളുടെയും എല്‍.ജി.ബി.ടിക്കാരുടെയും അവകാശങ്ങള്‍ക്കു കരുത്തേകുകയും വേണമെന്നും ഒബാമ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.