2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അമിത്ഷാ തങ്ങളുടെ നേതാവെന്ന് കോണ്‍ഗ്രസ് പറയാതെ പറയുന്നു: പിണറായി

 

തൃശൂര്‍: അമിത്ഷാ തങ്ങളുടെ നേതാവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയാതെ പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തങ്ങളുടെ അജന്‍ഡയാണെന്നും അതില്‍പിടിച്ച് മുന്നോട്ടുപോയാല്‍ വിശ്വാസികളെല്ലാം നമുക്കൊപ്പമാകുമെന്നും കമ്മ്യൂണിസ്റ്റുകളും സര്‍ക്കാര്‍ അനുകൂലികളും മാത്രമേ അവശേഷിക്കുകയുള്ളൂവെന്നുമുള്ള പ്രസ്താവന വ്യക്തമാക്കുന്നത് കോണ്‍ഗ്രസിനെ അടിയോടെ വാരുമെന്നാണ്. തിരിച്ചൊരു മറുപടി പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ലെന്നത് തങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധിയല്ല, അമിത്ഷായാണെന്ന് വ്യക്തമാക്കുന്നതാണ്.
ശബരിമലയില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. എങ്ങനെ ആളെ കൊല്ലാമെന്ന് പരിശീലനം നേടിയ ആര്‍.എസ്.എസ് ക്രിമിനലുകളെ ഇതിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. 52 വയസായ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി ക്രമസമാധാനം വഷളാക്കാനായിരുന്നു സംഘ്പരിവാര്‍ ശ്രമം. പൊലിസ് സമചിത്തത പാലിച്ചതുകൊണ്ടുമാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.
കോടതി അന്തിമമായി എന്ത് തീരുമാനമെടുത്താലും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ വാക്ക് പാലിക്കാത്തവരാകും. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്കെതിരേ ഒരു സര്‍ക്കാരിനും ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല എന്നതാണ് യാഥാര്‍ഥ്യം.വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മില്‍ തല്ലിക്കാനുമുള്ള ശ്രമം മതനിരപേക്ഷ സംസ്‌കാരം കൈമുതലാക്കി മുന്നോട്ടുപോകുന്ന കേരളത്തില്‍ വിലപ്പോകില്ല. മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എല്ലാ വിഭാഗത്തോടും ഒരേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്‌കറിയ തോമസ്, പി.കെ രാജന്‍ മാസ്റ്റര്‍, അഡ്വ.വി. മുരുകദാസ്, വിവിധ മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News