2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം തെലങ്കാന നിയമസഭ പിരിച്ചുവിടില്ല

ഹൈദരാബാദ്: കാലാവധിക്ക് മുന്‍പ് സര്‍ക്കാര്‍ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.
ഇന്നലെ ഉച്ചക്ക് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് വൈകീട്ട് രംഗറെഡ്ഡി ജില്ലയിലെ കൊങ്കര കലാണ്‍ ഗ്രാമത്തില്‍ നടക്കുന്ന മഹാറാലിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സംസാരിച്ചത്.
25 ലക്ഷത്തിലധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതേസമയം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിനായി ചെലവഴിക്കേണ്ട പണം സമ്മേളനത്തിനായി ചെലവഴിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അധികാരത്തില്‍ കയറുമ്പോള്‍ പ്രഖ്യാപിച്ച ഒരു കാര്യവും നടപ്പാക്കാന്‍ കെ.സി.ആര്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി നേതാവ് എന്‍. രാം ചന്ദര്‍ റാവു പറഞ്ഞു. 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വീട് വച്ച് നല്‍കും, ദലിത് വിഭാഗക്കാര്‍ക്ക് മൂന്ന് ഏക്കര്‍ വീതം ഭൂമി നല്‍കും എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും നടപ്പാക്കിയില്ലെന്നുമാത്രമല്ല പൊതുപണം ഉപയോഗിച്ച് പാര്‍ട്ടി വിപുലീകരണമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.