2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഭിമാനപ്പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകീട്ട് 3.30ന് കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം. പരമ്പരയില്‍ മൂന്ന് ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടാണിപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. മൂന്നാം ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. മൂന്ന് ടെസ്റ്റുകളിലും കരുത്തില്ലാത്ത ബാറ്റിങ് നിര കാരണമായിരുന്നു ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നത്. 

ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ മികച്ച ബൗളിങ്ങ് പുറത്തെടുത്തിരുന്നെങ്കിലും ബാറ്റിങ് നിര അമ്പേ പരാജയമായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാത്രമായിരുന്നു ബാറ്റിങ്ങില്‍ അല്‍പമെങ്കിലും മികച്ചു നിന്നത്. മൂന്നാം ടെസ്റ്റില്‍ ഇഷാന്ത് ഷര്‍മയുടെയും ബുംറയുടെയും മികച്ച ബൗളിങ്ങിന്റെ കരുത്തിലായിരുന്നു ഇന്ത്യക്ക് ജയിക്കാനായത്. നാലാം ടെസ്റ്റില്‍ മുഹമ്മദ് ശമിയടക്കമുള്ള ബൗളര്‍മാരെ ഉള്‍പെടുത്തി ഇന്ത്യന്‍ നിര ബൗളിങ്ങിന് കരുത്ത് കൂട്ടിയിരുന്നു. എന്നാല്‍, ബാറ്റിങ് നിരക്ക് മതിയായ പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയതായിരുന്നു തോല്‍വിയുടെ പ്രധാന കാരണം. ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി, ശിഖാര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര,അജിങ്ക്യ രാഹനെ, ഹര്‍ദിക് പാണ്ഡ്യയടക്കമുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം പൂര്‍ണ പരാജയമായിരുന്നെന്ന് ആക്ഷേപമുണ്ട്. നേരത്തെ തകരുന്ന ഓപണിങ്ങ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിന്റെ വലിയ തലവേദന. 100 റണ്‍സ് തികയുന്നതിന് മുന്നെ തന്നെ ഇന്ത്യന്‍ ഓപണിങ്ങ് കൂട്ടുകെട്ട് തകരുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ നാലു ടെസ്റ്റുകളിലും കണ്ടത്. 50 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഓപണിങ്ങ് കൂട്ടുകെട്ട് ഇതുവരെ എടുത്ത ഏറ്റവും കൂടിയ സ്‌കോര്‍.
ഇന്ത്യയുടെ ഓരോ തോല്‍വിയിലും ബാറ്റിങ്ങ് നിരക്കായിരുന്നു വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. മുഹമ്മദ് ശമിയെ ബൗളിങ്ങ് നിരയില്‍ ഉള്‍പ്പെടുത്തിയതിന് പകരം ഒരു ബാറ്റ്‌സ്മാനെ കൂടെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ ഓപണറായി കൊണ്ടുവരണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഇന്ത്യന്‍ ഓപണിങ്ങ് കൂട്ടുകെട്ട് വമ്പന്‍ പരാജയമാണെന്നതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു നിര്‍ദേശം ഉയര്‍ന്ന് വന്നത്.
അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷാ അരങ്ങേറ്റം നടത്തുമെന്ന വാര്‍ത്തയുമുണ്ട്. അരങ്ങേറ്റം നടത്തുകയാണെങ്കില്‍ ഒരു പക്ഷെ ഓപണറായിട്ടായിരിക്കും താരം ടീമിലെത്തുക. പൃഥ്വിക്ക് പകരം രോഹിതിനെ ഓപണറാക്കി പൃഥ്വിയെ മൂന്നാം ബാറ്റ്‌സ്മാനാക്കി ഇറക്കണമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. പുതിയൊരു താരത്തെ ഓപണറാക്കി ഇറക്കിയാല്‍ പാടെ പരാജയമായിരിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. അതേസമയം പരിശീലകന്‍ രവിശാസ്ത്രിക്ക് വ്യത്യസ്ത അഭിപ്രായമാണ് ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലുള്ളത്. പരമ്പര പരാജയപ്പെട്ടുവെങ്കിലും 20 വര്‍ഷത്തിനിടക്ക് വിദേശത്ത് കളിച്ച ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളതെന്നായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം. നിലവിലെ ടീം കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ, അതിനെക്കാളും ഒരു പടി മുന്നിലാണ് ഇംഗ്ലണ്ട് ടീമുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിദേശത്ത് ഇന്ത്യയുടെ പ്രകടനം വെച്ചുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രവിശാസ്ത്രി പറഞ്ഞു.
ഇന്ത്യന്‍ താരം കോഹ്‌ലിയുടെ ഇംഗ്ലണ്ടിലെ പ്രകടനം മികച്ചതാണ് . ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍ അഭിപ്രായപ്പെട്ടു. കോഹ് ലിയുടെ ബാറ്റിങ്ങ് കാണാനിരിക്കുന്നേയുള്ളുവെന്നും ഇപ്പോള്‍ തന്നെ താരം 500 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ടെന്നും ചാപ്പല്‍ പറഞ്ഞു. ബാറ്റിങ്ങ് നിരയില്‍ ഒരു മാറ്റവുമായിട്ടായിരിക്കും ഇന്ത്യന്‍ സംഘം ഇന്നിറങ്ങുക. അതേസമയം ഇംഗ്ലണ്ട് സ്വാകിഡില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്കിന്റെ അവസാന രാജ്യന്തര ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ ടെസ്റ്റിനുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.