2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ്

കൊപ്പം: അഭിമാനത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍. തെരഞ്ഞെടുത്ത ജനങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചു. അതുകൊണ്ട് തന്നെ യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്നും സുധീരന്‍ വ്യക്തമാക്കി. കൊപ്പത്ത് സിപി. മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റേത് നിഷേധാത്മക നിലപാടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ആരെങ്കിലും എഴുതിക്കൊടുക്കുന്ന കടലാസുമായി പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദന്‍ നിയമസഭയില്‍ വരുന്നത് സഭ മുടക്കാനാണ്. സഭ വിട്ട് പുറത്തേക്ക് പോകാനോ, അല്ലെങ്കില്‍ നടുത്തളത്തില്‍ ഇറങ്ങി സഭ മുടക്കാനോ മാത്രമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളതെന്നും സുധീരന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഈ നിലപാട് കാരണം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് നിയമസഭയില്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തും നല്ല കഴിവുള്ള പ്രതിനിധികളുണ്ട്. നിയമസഭയില്‍ നടക്കേണ്ട ചര്‍ച്ചകളും മറ്റും മുടങ്ങുന്നതോടെ നിയമസഭാംഗങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തുന്നത്. അംഗങ്ങള്‍ ഇതില്‍ നിരാശരാണെന്നും ഇതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. മതസൗഹാര്‍ദങ്ങളും മതമൂല്യങ്ങളും ചവിട്ടിമെതിച്ച് രാജ്യത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാനാണ് മോഡി ശ്രമിക്കുന്നത്. വര്‍ഗീയതക്ക് അഴിഞ്ഞാടാന്‍ സര്‍വസന്നാഹങ്ങളും സൃഷ്ടിക്കുകയാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ നാശത്തിന്റേതാണെന്നും സുധീരന്‍ പറഞ്ഞു. സി.പി മുഹമ്മദ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ശ്രദ്ധേയനാണ്. പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സി.പി മുഹമ്മദ് ചെയര്‍മാനായ കമ്മിറ്റി നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ചരിത്ര രേഖയാണെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പി.ടി മുഹമ്മദ് അധ്യക്ഷനായി. സി.വി ബാലചന്ദ്രന്‍, സി.എ.എം.എ കരീം, മരക്കാര്‍ മാരായമംഗലം, എം.എ സമദ്, കെ.എസ്.ബി.എ തങ്ങള്‍, ടി.പി ഷാജി, സി.കെ അബ്ദുള്ള, വി.എം മുഹമ്മദലി, കെ.ടി.എ ജബ്ബാര്‍, കമ്മുക്കുട്ടി എടത്തോള്‍, പി.കെ ഉണ്ണികൃഷ്ണന്‍, എ.പി രാമദാസ്, കെ.പി.എ റസാഖ് പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.