2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അഫ്ഗാനിസ്ഥാനില്‍ ബസുകള്‍ ടാങ്കറില്‍ ഇടിച്ച് 73 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ബസുകള്‍ എണ്ണടാങ്കറിലിടിച്ച് 73 മരണം. 50 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഗസ്‌നി പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാബൂളില്‍ നിന്നു ദക്ഷിണനഗരമായ കാണ്ഡഹാറിലേക്കു പോകുന്ന ഹൈവേയിലാണ് അപകടം. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്നു പ്രവിശ്യാ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മുഹമ്മദുല്ല അഹ്്മദി പറഞ്ഞു.
യാത്രക്കാരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ വക്താവ് ഇസ്മാഈല്‍ ക്വാസി പറഞ്ഞു. രണ്ടു ബസുകളിലുമായി 125 യാത്രക്കാരുണ്ടായിരുന്നതായാണു സംശയമെന്നു ഗവര്‍ണറുടെ വക്താവ് പറഞ്ഞു. പ്രാദേശികസമയം രാവിലെ ആറരയോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ലോകത്തെ ഏറ്റവും മോശം റോഡുകളുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഇവിടെ ഏറെ അപകടകരമായാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത്. 2013ല്‍ കാണ്ഡഹാറില്‍ ബസ് എണ്ണ ടാങ്കറിലിടിച്ച് 45 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ അഫ്ഗാനിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ലോകബാങ്ക് 250 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.