2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അപ്‌നാഘറില്‍ നിന്നും പ്രിയയുടെ കൈപിടിച്ച് സെല്‍വരാജ്

പാലക്കാട്: പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂ ചാര്‍ത്തി നവവധുവായി പ്രിയ വന്നിറങ്ങുമ്പോള്‍ മാധ്യമപ്പടയും എം.എല്‍.എയും അടക്കം നിരവധിപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കഞ്ചിക്കോട് അപ്നഘറിലെ ദുരിതാശ്വാസക്യാംപില്‍ നിന്നും വടക്കന്തറ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് വധുവായി പ്രിയ എത്തിയത് പ്രളയത്തെ തോല്‍പിച്ച പുഞ്ചിരിയോടെയാണ്. ജീവിതത്തിലെ സമ്പാദ്യങ്ങളത്രയും കനത്തമഴയില്‍ ഒലിച്ചുപോയ ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ സെല്‍വരാജെന്ന യുവാവ് കൈ പിടിച്ചുയര്‍ത്തുന്ന ധന്യമുഹൂര്‍ത്തത്തിന് നിറഞ്ഞ കൈയടികളോടെയാണ് ചുറ്റും നിന്നവര്‍ സാക്ഷ്യം വഹിച്ചത്.
കല്ലേപ്പുള്ളി വെള്ളോലിപ്പറമ്പില്‍ വേലായുധന്റെയും ദേവുവിന്റെയും മകനായ സെല്‍വരാജും തോണിപ്പാളയം അംബികാപുരം കോളനിയിലെ മണികണ്ഠന്റെയും ദേവിയുടെയും മകളായ പ്രിയയും തമ്മിലുള്ള വിവാഹം സെപ്തംബര്‍ മൂന്നിന് നടത്താന്‍ മാസങ്ങള്‍ക്കു മുമ്പേ തീരുമാനിച്ചിരുന്നു. തോണിപ്പാളയത്തെ വാടകവീട്ടില്‍ വെള്ളംകയറി എല്ലാം നശിച്ചപ്പോള്‍ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു കരുതിയ പെണ്‍കുട്ടിക്കും കുടുംബത്തിനും താങ്ങായത് വരന്‍ സെല്‍വരാജിന്റെ നിശ്ചയദാര്‍ഢ്യമാണ്. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താമെന്ന് സെല്‍വരാജും കുടുംബവും സമ്മതം അറിയിച്ചതോടെ എങ്ങനെ നടത്തുമെന്നതായി അടുത്ത ആശങ്ക. അഞ്ചു മക്കളില്‍ മൂന്നാമത്തെയാളാണ് പ്രിയ. മൂത്ത സഹോദരിമാര്‍ വിവാഹിതരായി. ഇളയവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വര്‍ണവും വസ്ത്രങ്ങളുമടക്കം പ്രളയം കവര്‍ന്നെടുത്തതോടെ ഒരു മാസമായി ക്യാംപിലാണ് മണികണ്ഠനും മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. എന്നാല്‍ വിവിധ വകുപ്പുകളും കുടുംബശ്രീയും സുമനസുകളും സംഘടനകളും ഒന്നുചേര്‍ന്നതോടെ അപ്നാഘര്‍ കല്ല്യാണ വീടായി മാറി. വിവാഹത്തിന് തലേന്നു തന്നെ പെണ്‍കുട്ടിക്ക് വേണ്ട പട്ടുസാരിയും പാത്രങ്ങളും ഗവ.മോയന്‍ എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപിക മണിയമ്മ അപ്നഘറില്‍ എത്തിച്ചു. കമ്മല്‍ നല്‍കിയത് എസ്.ഐ. എ പ്രതാപന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ്. തലേന്ന് കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ മൈലാഞ്ചി കല്യാണം നടത്തി. തൊഴില്‍ വകുപ്പ് ജീവനക്കാരും വ്യവസായികളും ചേര്‍ന്ന് 50000 രൂപ വിവാഹസമ്മാനമായി നല്‍കി. വിവാഹശേഷം അപ്നാ ഘറില്‍ ചെറിയൊരു ചായസല്‍ക്കാരവും ഏര്‍പ്പെടുത്തി. കിന്‍ഫ്ര കലക്ഷന്‍ സെന്ററിലെ ഉദ്യോഗസ്ഥരും വോളണ്ടിയര്‍മാരും വധുവിന് വസ്ത്രങ്ങളും നല്‍കി. കൈവിട്ടുപോയ സ്വപ്നങ്ങള്‍ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് നിറചിരിയോടെ പ്രിയ മടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.