2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അപ്പര്‍കുട്ടനാട്ടില്‍ എള്ളുകൃഷി സജീവമാകുന്നു

ഹരിപ്പാട്: ഓണാട്ടുകരമേഖലകളില്‍ സജീവമായ എള്ളുകൃഷി അപ്പര്‍കുട്ടനാടന്‍ മേഖലകളിലും സജീവമാകുന്നു. ഒരു ഇടവേളക്ക് ശേഷമാണ് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ എള്ളു കൃഷിയുടെ തിരിച്ചുവരവ്. നെല്‍കൃഷിക്ക് നല്‍കിയ പരിഗണനകളോ സഹായങ്ങളോ എള്ളുകൃഷിക്ക് ലഭിക്കാതിരുന്നത് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വ്യാപകമായ എള്ളുകൃഷി അപ്രത്യക്ഷമാകാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ന് എള്ളിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മിക്ക കര്‍ഷകരും എള്ളുകൃഷിയില്‍ വ്യാപൃതരാകുകയാണ്.
നിരണം, വീയപുരം, എടത്വ മേഖലകളിലാണ് എള്ളുകൃഷി സജീവമാകുന്നത്. കരപ്രദേശങ്ങള്‍ എള്ളുകൃഷിക്ക് യോജിച്ച രീതിയിലാക്കിയാണ് എള്ളുകൃഷിചെയ്യുന്നത്. പാടശേഖരങ്ങളോട് ചേര്‍ന്നുള്ള ചിറകളിലും എള്ളുകൃഷിചെയ്യുന്നുണ്ട്. അടുക്കള തോട്ടങ്ങളിലും സജീവമാകുകയാണ് എള്ളുകൃഷി. ആരോഗ്യ പുഷ്ടിയും ഔഷധ മൂല്യവും ഉള്ളവയാണ് എള്ളെന്ന തിരിച്ചറിവാണ് എള്ളുകൃഷി സജീവമാകാനുള്ള ഒരുകാരണം. മഴക്കാലത്തല്ല കൃഷിതുടങ്ങുന്നതും വിളവെടുക്കുന്നതും. അതുപോലെ നെല്‍കൃഷിപോലെ ചെലവുള്ളതുമല്ല എള്ളുകൃഷിയെന്നതും എള്ളുകൃഷി വ്യാപകമാകാന്‍ മറ്റൊരുകാരണമാണ്. എള്ളിന് വലുപ്പക്കുറവാണെങ്കിലും ഔഷധഗുണവും പോഷകസമൃദ്ധിയും നോക്കിയാല്‍ മറ്റു പല വിളകളെക്കാളും വലിയവനാണിവന്‍. എള്ളു കൃഷിയുടെ ഈറ്റില്ലമാണ് ഓണാട്ടുകരയിലെ മണല്‍നിലങ്ങള്‍. ‘സെസാമം ഇന്‍ഡിക്ക’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തില്‍ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു. മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളില്‍ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാള്‍ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിലും മുന്തിയതാണ്. പുതിയ എള്ളിനമാണ് തിലതാര. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രധാന എള്ളുല്‍പ്പാദന കേന്ദ്രങ്ങള്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍ കര്‍ണാടക മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് ,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. അളവില്‍ കുറവിലാണെങ്കിലും നമ്മുടെ സംസ്ഥാനത്തും എള്ളു കൃഷിയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകരയിലെ മണല്‍നിലങ്ങളിലാണ്.
മൂന്നാം വിളയായി നെല്‍പ്പാടങ്ങളില്‍ എള്ള് കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ഗുണങ്ങളുണ്ട്. മണ്ണില്‍ ലഭ്യമായ പോഷക മൂല്യങ്ങളും ജലാംശവും ഉപയോഗിച്ചാണ് എള്ളു വളരുന്നത്. മൂന്നാം വിളയായി എള്ളു കൃഷി ചെയ്യുമ്പോള്‍ കര്‍ഷകന് അധിക വരുമാനത്തിനു പുറമേ മണ്ണിനെയും തുടര്‍ന്നുള്ള നെല്‍കൃഷിക്ക് ഉതകുന്ന മിത്രകീടങ്ങളെയും പരിപോഷിപ്പിക്കാനും കഴിയും. വിളവിന്റെ അളവു നോക്കിയാല്‍ കേരളം എള്ളിന്റെ ഉല്‍പാദനക്ഷമതയില്‍ പിറകിലാണ്. വളക്കുറവുള്ള സ്ഥലത്തു കൃഷി ചെയ്യുന്നതും അശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിക്കുന്നതും വേനല്‍ മഴ വേണ്ടപ്പോള്‍ ലഭിക്കാത്തതുമാണു കേരളത്തില്‍ എള്ളു കൃഷിയെ പിറകോട്ടു വലിക്കുന്നത്. വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ പശിമരാശി മണ്ണാണ് എള്ളു കൃഷിക്ക് അനുയോജ്യം. കരക്കൃഷി ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലും വയല്‍ കൃഷി ജനുവരി, ഏപ്രില്‍ മാസങ്ങളിലും ചെയ്യാം. കരപ്പാടങ്ങളില്‍ മൂപ്പു കൂടിയ ഇനങ്ങളും നെല്‍പ്പാടങ്ങളില്‍ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്കു യോജിച്ചതെന്ന് വിദ്ഗധര്‍ ചൂണ്ടികാണിക്കുന്നു. വളരെ ചെറിയ വിത്തായതിനാല്‍ നിലം നല്ലവണ്ണം ഉഴുതശേഷം കട്ടകള്‍ ഉടച്ചു കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാന്‍. ഒരു ഹെക്ടര്‍ സ്ഥലത്തു വിതയ്ക്കാന്‍ അഞ്ചു കിലോ വിത്ത് മതിയാകും. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം. മറ്റു വിളകളെ അപേക്ഷിച്ചു പൊതുവെ കീടരോഗ ബാധ എള്ളിനു കുറവാണ്. ഇലകള്‍ മഞ്ഞനിറം ബാധിച്ചു കൊഴിഞ്ഞു തുടങ്ങുകയും കായ്കള്‍ മഞ്ഞനിറമാവുകയും താഴത്തെ കായ്കള്‍ വിളഞ്ഞു പൊട്ടുവാന്‍ തുടങ്ങുകയുമാണു വിളവെടുക്കുവാന്‍ പാകമായതിന്റെ ലക്ഷണം. രാവിലെയാണു ചെടികള്‍ പിഴുത് എടുക്കേണ്ടത്. ചെടിയുടെ ചുവടുഭാഗം മുറിച്ചു കളഞ്ഞതിനു ശേഷം ചെറിയ കെട്ടുകളാക്കി മൂന്നു നാലു ദിവസം തണലത്ത് അടുക്കിവയ്ക്കണം. പിന്നീട് ഇലകള്‍ കുടഞ്ഞു നാലു ദിവസം വെയിലത്ത് ഉണക്കുക. ചെറിയ കമ്പ് ഉപയോഗിച്ച് അടിച്ച് ഓരോ ദിവസവും വിത്തു പൊഴിച്ച് എടുക്കാം. ആദ്യത്തെ ദിവസം കിട്ടുന്ന എള്ള് വിത്തിന് ഉപയോഗിക്കാം. വിത്ത് വൃത്തിയാക്കി വെയിലത്ത് ഉണക്കി മണ്‍കുടം, പോളിത്തീന്‍കൂട്, തകര ടിന്‍ എന്നീ സംഭരണികളില്‍ സൂക്ഷിക്കാവുന്നതാണ്. നെല്‍കൃഷിക്ക് വേണ്ടിവരുന്ന ഭീമമായ ചെലവും, തൊഴിലാളിക്ഷാമവും, കീടനാശിനി പ്രയോഗങ്ങളും, യന്ത്രങ്ങളുടെ സഹായങ്ങളോ ഇല്ലാതെ എള്ളു കൃഷി ചെയ്യാമെന്നിരിക്കെ നെല്‍ കൃഷിക്ക് നല്‍കുന്ന പരിഗണന അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ എള്ളുകൃഷിക്ക് നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.