2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

അപൂര്‍വ സസ്യങ്ങളുടെ കലവറയൊരുക്കി കോട്ടൂര്‍ ജൈവവൈവിധ്യ പാര്‍ക്ക്

ശ്രീകണ്ഠപുരം: അന്യമാവുന്ന അപൂര്‍വ സസ്യങ്ങളുടെ കലവറയൊരുക്കി സ്വന്തമായി നട്ടുനനച്ച ജൈവവൈവിധ്യ പാര്‍ക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോട്ടൂര്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ പാര്‍ക്ക് 2007-08 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീകണ്ഠപുരം പഞ്ചായത്ത് ആരംഭിച്ചത് മുതല്‍ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ്. വിവിധയിനം ചിത്രശലഭങ്ങളാലും പക്ഷിയിനങ്ങളുടെ വൈവിധ്യത്താലും സമ്പന്നമാണ് കോട്ടൂര്‍ ജൈവവൈവിധ്യ പാര്‍ക്ക്. ശ്രീകണ്ഠപുരം ബസ്‌സ്റ്റാന്റില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
വ്യത്യസ്തങ്ങളായ 500 തരം സസ്യങ്ങളും, 91 തരം ചിത്രശലഭങ്ങളും, 54 പക്ഷിവര്‍ഗങ്ങളുമാണ് പാര്‍ക്കിലുള്ളത്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പേര്, ശാസ്ത്രനാമം, കുടുംബം എന്നിവ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് ഹെര്‍ബല്‍ നഴ്‌സറി, വയനാട്ടിലെ ഡോ. എം.എസ് സ്വാമിനാഥന്‍ അഗ്രോ ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍, ഉറവ് ബാംബൂ നഴ്‌സറി, പെരിയ റിസര്‍വ് ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സസ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാര്‍ക്കിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ പോക്കറ്റ് ഫീല്‍ഡ് ഗൈഡ് തയാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനം മന്ത്രി കെ. രാജുവാണ് നിര്‍വഹിച്ചത്.
കൂടാതെ 80 ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിയ ‘ഓരില’ എന്ന റഫറന്‍സ് ഗൈഡും ജൈവവൈവിധ്യ പാര്‍ക്കിനെക്കുറിച്ചുള്ള ‘പൂവാംകുരുന്നില’ എന്ന ഡോക്യുമെന്ററിയും ഇവര്‍ തയാറാക്കിയിട്ടുണ്ട്. 2009ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിത വിദ്യാലയം പുരസ്‌കാരം, 2010-11 വര്‍ഷത്തെ വനം-വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, 2015 ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരം എന്നിവ അവയില്‍ ചിലതാണ്. 2018ലെ വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് സ്‌കൂളിലെ അധ്യാപകനും എന്‍.എസ്.എസ് യൂനിറ്റ് സ്‌പെഷല്‍ ഓഫിസറുമായ ടി.എം രാജേന്ദ്രന്‍ അര്‍ഹനായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.