2018 April 16 Monday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

അപൂര്‍വ പണ്ഡിതപ്രതിഭ

സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍

കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ വിജയിച്ച അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരു മുസ്‌ലിയാര്‍ എന്‍ജിനീയറിംഗ് കോളജ് നടത്തുന്നതിന്റെ ആശങ്ക നിലനിന്നപ്പോള്‍ വളരെ ധിഷണയോടെയും ആസൂത്രണത്തോടെയും ആധുനിക വിവരസാങ്കേതികവിദ്യയ്‌ക്കൊപ്പം ഉയര്‍ന്നുചിന്തിച്ചു കരുക്കള്‍ നീക്കിയ പണ്ഡിതപ്രതിഭയായിരുന്നു അദ്ദേഹം.

പിന്നീട് സമസ്തയ്ക്ക് ഒരു മുഖപത്രം നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ , സുപ്രഭാതം ദിനപത്രത്തിനു തുടക്കമിട്ട് മലയാളപത്രങ്ങളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ആറുലക്ഷം വരിക്കാരുമായി അതു തുടങ്ങാനായെന്നത് അദ്ദേഹത്തിന്റെ സംഘാടനമികവിന്റയും ഇറങ്ങിത്തിരിച്ച കാര്യം വിജയിപ്പിച്ചെടുക്കാനുള്ള ആത്മധൈര്യത്തിന്റെയും മകുടോദാഹരണമായാണു വിലയിരുത്തപ്പെടുന്നത്. കെട്ടിലും മട്ടിലും സര്‍ക്കുലേഷനിലും പതിറ്റാണ്ടുകള്‍ക്കുമുമ്പു തുടങ്ങിയ പല പത്രങ്ങളെയും പിന്നിലാക്കിയാണ് ഇപ്പോള്‍ ഇതിന്റെ ജൈത്രയാത്ര.

അനിതരസാധാരണമായ നേതൃപാഠവമാണ് മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തെ എപ്പോഴും വ്യത്യസ്തനാക്കിയത്. പിതാവിന്റെയടുത്തുനിന്ന് എപ്പോഴും ഉപദേശംതേടിയിരുന്ന ബാപ്പു മുസ്ലിയാര്‍ സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ ഒരുപാടു ത്യാഗം ചെയ്തിട്ടുണ്ട്. വര്‍ത്തമാനകാലത്തിനുസൃതമായ രീതിയില്‍ സംവിധാനങ്ങളെ മുഴുവന്‍ പരിഷ്‌കരിച്ചു. കൃത്യമായ നിലപാടും കാര്യശേഷിയുമുള്ള ഇദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു കനത്തനഷ്ടമാണ്.

സുന്നത്ത് ജമാഅത്തിനെതിരേ വന്ന പുത്തനാശയങ്ങളെ ഖണ്ഡിച്ചൊതുക്കുന്നതില്‍ അതി സമര്‍ഥനായിരുന്നു അദ്ദേഹം. ഈ രംഗത്ത് പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ മുതലായവരുടെ നിരയില്‍ത്തന്നെയായിരുന്നു അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ഥാനം.പിതാവിന്റെ വഴിയേതന്നെ ബാപ്പു മുസ്‌ലിയാരും തന്റെ യുവത്വം മുതല്‍ സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും വേദികളില്‍ തലയെടുപ്പോടെ നിലകൊണ്ടു.

അവസാനമായി നടന്ന സമസ്തയുടെ കൂരിയാട്, ആലപ്പുഴ സമ്മേളനങ്ങളുടെ വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. രണ്ടാഴ്ച മുമ്പ് മന്ത്രി തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍വരെ ആലപ്പുഴ സമ്മേളനത്തിന്റെ അച്ചടക്കം, വൃത്തി, നടത്തിപ്പ് സംബന്ധമായി അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ഞങ്ങള്‍ ഓര്‍ത്തു. അതിന്റെയെല്ലാം പിന്നിലുള്ള ചാലകശക്തിയായി വര്‍ത്തിച്ചത് ബാപ്പു മുസ്‌ലിയാരായിരുന്നു.

മതകാര്യങ്ങളില്‍ അഗാധപാണ്ഡിത്യമുള്ളയാള്‍ എന്നതിനപ്പുറം അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുള്ള ഭാഷാപണ്ഡിതന്‍ കൂടിയായിരുന്നുവെന്ന് തിരുവനന്തപുരത്ത് അദ്ദേഹത്തോടൊപ്പം ഒരു പരിപാടിയില്‍ സംബന്ധിച്ചപ്പോള്‍ നേരിട്ടു ബോധ്യമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.