2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അപരാജിതം അപര്‍ണ

കോയമ്പത്തൂര്‍: പുല്‍മൈതാനത്ത് എതിരാളികളുടെ നീക്കങ്ങളെ പ്രതിരോധിച്ച് പായുന്ന അപര്‍ണ ട്രാക്കിലും അതിവേഗക്കാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സ്പ്രിന്റ് ഹര്‍ഡില്‍സില്‍ താരങ്ങളാവുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശ സമ്മാനിച്ചിടത്താണ് മീറ്റ് റെക്കോര്‍ഡ് തിളക്കവുമായി അപര്‍ണ അപരാജിതമായ സ്വര്‍ണ കുതിപ്പ് നടത്തിയത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.47 സെക്കന്റില്‍ മീറ്റ് റെക്കോര്‍ഡോടെയായിരുന്നു അപര്‍ണ റോയിയുടെ സ്വര്‍ണ കുതിപ്പ്. 2010 ല്‍ കര്‍ണാടകയുടെ മേഘ്‌ന ഷെട്ടി സ്ഥാപിച്ച 15.57 സെക്കന്റ് മീറ്റ് റെക്കോര്‍ഡാണ് അപര്‍ണയുടെ കുതിപ്പിന് മുന്നില്‍ വഴിമാറിയത്.
കേരളത്തിന് ആവേശം പകരുന്നതായിരുന്നു അപര്‍ണയുടെ സ്വര്‍ണ വേട്ട. എതിരാളികളെ വ്യക്തമായ അകലത്തില്‍ പിന്നിലാക്കിയാണ് അപര്‍ണ ഫീനിഷ് ലൈന്‍ കടന്നത്. പഞ്ചാബിന്റെ ഗുര്‍ദീപ് കൗര്‍ (14.92) വെള്ളിയും തമിഴ്‌നാടിന്റെ പി.എം താബിത (15.21) വെങ്കലവും നേടി. കേരളത്തിന്റെ അജ്ഞലി അശോകന്‍ (15.85) അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ട്രാക്കില്‍ മാത്രമല്ല കാല്‍പന്തുകളിയുടെ മൈതാനത്ത് ഇന്ത്യയുടെ അണ്ടര്‍ 14 ടീമിലെ പ്രതിരോധ താരമാണ് അപര്‍ണ.
കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി-ടീന ദമ്പതികളുടെ മകളായ അപര്‍ണ പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി താരമാണ്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അപര്‍ണ ടോമി ചെറിയാന് കീഴിലാണ് പരിശീലിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.