2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അപരന്‍

സലോമി ജോണ്‍ വല്‍സന്‍

 

എപ്പോഴാണ് നമ്മുടെ ഇടങ്ങള്‍
നിരാലംബതയുടെ അപരവേദിയായത് .
നമ്മുടെ സഞ്ചാരപഥങ്ങളില്‍
നാമറിയാത്ത നമ്മെ അറിയുന്ന അവന്‍,
നമ്മുടെ അപരന്‍ ഒളിച്ചിരിക്കുന്നു
നെഞ്ചിടുക്കുകളില്‍ മരക്കുരിശുകളേന്തി
നോവുകാട്ടില്‍ അലയാന്‍
അവന്‍

നമ്മെ പ്രേരണയുടെ
വാരിക്കുഴികളൊരുക്കി കാത്തിരിക്കുന്നു.

ഒരു ഗര്‍ത്തത്തില്‍നിന്ന് മറ്റൊരു ഇരുള്‍ നദിയിലേക്കു
അവന്‍ നമ്മെ ആവാഹിക്കുന്നു.
നമ്മുടെ തിരശ്ചീനമായ, വിലാപാര്‍ദ്രമായ ഭ്രമഘടനകളില്‍
പ്രലോപന ഉടമ്പടികളുടെ വ്യഗ്രതപൂണ്ട ഇടങ്ങളില്‍
അവന്‍ നമ്മെ കീഴടക്കി മുന്നേറവെ
പ്രതിരോധത്തിന്റെ ഉലയൂതി
നമ്മുടെ നിഴല്‍ മാത്രകളില്‍ അലിഞ്ഞുചേര്‍ന്ന
അവനെ നിമഞ്ജനംചെയ്യാന്‍ നമുക്കാവില്ല.

സ്വഹൃദയത്തിന്‍ ശവക്കോട്ടയിലൊളിച്ചിരുന്നു
നിഗൂഢതയുടെ തിരുശേഷിപ്പുകള്‍ നെഞ്ചിലേറ്റി
നമ്മുടെ ശേഷക്രിയകള്‍ക്കായവന്‍ കാതോര്‍ക്കുന്നു.
ബോധാബോധങ്ങളുടെ ആഴക്കുഴിയില്‍
നമ്മുടെ പ്രതിരൂപമായ്
ദാരുണ വിപരീതങ്ങളൊരുക്കി
അവന്‍ എന്നും നമ്മിലുണ്ടായിരുന്നു.

അവന്റെ ഉടലുണര്‍ച്ചയില്‍ നമ്മുടെ ഉഷ്ണസങ്കടങ്ങള്‍
അബോധഭീതിയില്‍ ഉരുകി… അവന്റെ സാന്നിധ്യത്തിന്റെ
ആഴം അറിഞ്ഞപ്പോഴേക്കും
ഇടങ്ങള്‍ ഇല്ലാത്ത വെറും കീടങ്ങളായ് നാം നിലയറ്റിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.