2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അന്വേഷണകാര്യത്തില്‍ കോണ്‍ഗ്രസിലും ഭിന്നത

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേട് ചൂണ്ടിക്കാട്ടിയിരിക്കുന്നത് പ്രതിപക്ഷത്തിനും വിനയാകുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ കടുത്ത നിലപാടുമായി രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസില്‍ സി.എ.ജി റിപ്പോര്‍ട്ട് അന്വേഷണം സംബന്ധിച്ച് ആശയക്കുഴപ്പം പ്രതിഫലിക്കുന്നുണ്ട്.
ബെഹ്‌റയെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വി.എം സുധീരനും മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. പൊലിസില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് ആയുധങ്ങളും വെടിയുണ്ടകളും കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്നതായതിനാല്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കത്തില്‍ തട്ടി നിലകൊള്ളുന്നതിനാല്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങാത്തതും കോണ്‍ഗ്രസിന് വിനയായി. ഡി.ജി.പിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. എം.എല്‍.എമാരെ കോണ്‍ഗ്രസ്
നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നേതാക്കളുടെ നീക്കം എ, ഐ ഗ്രൂപ്പുകളില്‍ എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഡി.സി.സി നേതൃത്വത്തില്‍ പൊലിസ് ആസ്ഥാനത്തേക്ക് തട്ടിക്കൂട്ടി ഒരു മാര്‍ച്ച് സംഘടിപ്പിച്ചാണ് തലസ്ഥാനത്തെ കോണ്‍ഗ്രസ് തടിയൂരിയത്. ബെഹ്‌റയ്‌ക്കെതിരേയുള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ നീക്കം നടത്താന്‍ കഴിയാതെ പോകുന്നതും ശ്രദ്ധേയമായി.
2013 മുതലുള്ള പൊലിസിലെ ക്രമക്കേട് സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി.പി സെന്‍കുമാര്‍ ഡി.ജി.പിയുമായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പൊലിസ് നവീകരണ ചുമതല എ.ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു. 2015 ലും 400 ലേറെ വെടിയുണ്ടകള്‍ കാണാനില്ലെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ ജി.പി.എസും വോയ്‌സ് ലോഗറും വെയ്ക്കാനുള്ള കരാറിലെ ക്രമക്കേടുകള്‍ നടന്നതും ഇക്കാലയളവിലാണ്. ഇടപാടുകള്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ബെഹ്‌റ മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേശകന്‍ രമണ്‍ശ്രീവാസ്തവയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടു സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കി. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കാണാനുള്ള നീക്കം നടത്തുന്നത് മുന്നില്‍കണ്ടുകൊണ്ടാണ് ഒരുമുഴം മുന്‍പേയുള്ള ഈ നീക്കം.
പൊലിസ് നടപടിക്കെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനവുമായി രംഗത്ത് ശക്തമായി രംഗത്തുവരുന്നതിനും അന്വേഷണം ആവശ്യപ്പെടുന്നതിനും ബി.ജെ.പിക്ക് തടസമായിരിക്കുന്നത് സെന്‍കുമാറിന്റെ ബി.ജെ.പി സാന്നിധ്യവും കേന്ദ്രബന്ധവുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.