2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മാള: അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൂട്ടുകാരന്‍ കൊലപ്പെടുത്തിയതാണെന്നാന്ന് സംശയം. പുത്തന്‍ചിറ പിണ്ടാണിനടുമുറി പരേതനായ പുരുഷോത്തമന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഗുവാഹട്ടി സ്വദേശി ഉമാനാഥ് (32) എന്ന യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീടിനു പിറകിലെ കുളത്തിനരികിലായാണ് മൃതദേഹം കണ്ടെത്തിയത്. ഉമാനാഥിനൊടൊപ്പം ജോലി ചെയ്തിരുന്ന മനോജ്(30) എന്നയാളെ കാണാതായിട്ടുണ്ട്. വീടിനു പുറത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നും ഉമാനാഥിന്റെതെന്ന് കരുതുന്ന കറുത്ത ബാഗ് കണ്ടെത്തി. ഇവര്‍ കിടക്കാന്‍ ഉപയോഗിക്കുന്ന കട്ടിലില്‍ നിന്നും കോടാലിയും കണ്ടെടുത്തു. ഇത് ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് സമീപത്തു നിന്ന് കത്തിയും കണ്ടെത്തിയിട്ടുണ്ട്.
അതി വിദഗ്ധമായാണ് കൊല നടത്തിയിരിക്കുന്നത്. മനോജിന്റെ വസ്ത്രങ്ങളും ഷൂവും മറ്റും ധരിപ്പിച്ച് മുഖം ഉള്‍പ്പെടെ കരിച്ച് കളയുകയായിരുന്നു. കൊല്ലപ്പെട്ടത് മനോജ് ആണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നതെന്ന് പൊലിസ് പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വീട്ടമ്മ മല്ലിക, മകന്‍ സിനോജ് എന്നിവര്‍ കണ്ടപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ടത് ഉമാനാഥാണെന്ന് തിരിച്ചറിഞ്ഞത്. അതുവരെ കൊല്ലപ്പെട്ടത് മനോജ് ആണെന്നാണ് ധരിച്ചിരുന്നത്. പത്തേക്കറോളം വലുപ്പമുള്ളതാണ് സംഭവം നടന്ന പിണ്ടാണിയിലെ വീടും സ്ഥലവും. പശുക്കളുടെ പരിപാലനവും, കൃഷപ്പണികളുമാണ് അസം സ്വദേശികളായ തൊഴിലാളികള്‍ ചെയ്തിരുന്നത്. ഇതിനായി വീട്ടുടമ സിനോജ് മണ്ണുത്തിയില്‍ നടത്തുന്ന തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഈ തൊഴിലാളികളെ പുത്തന്‍ചിറയിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരു വര്‍ഷമായി ഇവര്‍ ഇവിടെ എത്തിയിട്ട്. മനോജും, ഉമാനാഥും തമ്മില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് വീട്ടുടമ പറയുന്നു. ഉമാനാഥ് കഴിഞ്ഞ മാസം നാട്ടില്‍ പോയി തിരിച്ചെത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ തമ്മില്‍ കശപിശയുണ്ടായതായി സൂചനയുണ്ട്.
അതിരാവിലെ പശുവിനെ കറക്കുന്നത് ഇവരാണ്. ഇന്നലെ രാവിലെ രണ്ടുപേരെയും കാണാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റ നോട്ടത്തില്‍ കൊല്ലപ്പെട്ടത് മനോജാണെന്നാണ് വീട്ടുകാര്‍ കരുതിയത്. ജില്ലാ പൊലിസ് മേധാവി കാര്‍ത്തിക്, ജില്ലാ ക്രൈംബ്രാഞ്ച് മേധാവി മധു, ചാലക്കുടി ഡി.വൈ.എസ്.പി ടോമി, മാള സി.ഐ വി.റോയ്,എന്നിവര്‍ സ്ഥലത്തെത്തി.
തൃശൂരില്‍ നിന്നും ഡോക്ടര്‍ പി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഉമാനാഥ് വിവാഹിതനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.