2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അന്ന് പ്രവേശനം ലഭിച്ചില്ല; ഇന്ന് പഞ്ചമി സ്‌കൂളിന്റെ തന്നെ ഭാഗമായി

മലയിന്‍കീഴ്: തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയില്‍, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് അവര്‍ ഒരു പേര് നല്‍കി ‘പഞ്ചമി’. പിന്നോക്ക സമുദായത്തില്‍ ജനിക്കേണ്ടി വന്നതിനാല്‍ 1910 ല്‍ ഇതേ സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട പെണ്‍കുട്ടി. ഈ പേരിടല്‍ പുതിയ തലമുറയുടെ ഒരു പ്രായശ്ചിത്തം കൂടിയാവുകയാണ്. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂള്‍ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.
1907ല്‍ കുടിപള്ളിക്കൂടമായിട്ടായിരുന്നു ഊരൂട്ടമ്പലം യു.പി സ്‌കൂളിന്റെ തുടക്കം. 1907ലും തുടര്‍ന്ന് 1910 ലും തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാലയ പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ഉത്തരവുണ്ടായിരുന്നെങ്കിലും ഉയര്‍ന്ന ജാതിക്കാരെന്ന് മേനി നടിക്കുന്നവരുടെ എതിര്‍പ്പു മൂലം പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് 1910 ല്‍ പൂജാരി അയ്യര്‍ എന്ന പിന്നോക്കാരന്റെ മകള്‍ പഞ്ചമിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അയ്യങ്കാളി എത്തുന്നത്. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയേയും കൂട്ടരേയും വളഞ്ഞിട്ട് ആക്രമിച്ചു. കലിയടങ്ങാത്ത അവര്‍ സ്‌കൂളിന് തീയിട്ട ശേഷം കുറ്റം അയ്യങ്കാളിയുടെ ചുമലില്‍ ചാര്‍ത്തി.പിന്നീടങ്ങോട്ട് കലാപമായി. ഊരൂട്ടമ്പലം, മാറനല്ലൂര്‍ എന്നിവിടങ്ങള്‍ക്കു പുറമേ അടുത്ത ഗ്രാമങ്ങളിലേക്കും കലാപം പടര്‍ന്നു. കര്‍ഷക തൊഴിലാളികള്‍ പാര്‍ത്തിരുന്ന കണ്ടല,മുണ്ടെന്‍ ചിറ, ഇറയംകോട്,ആനമല, കൊശവല്ലൂര്‍, കരിങ്ങല്‍, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളും ലഹളക്കിരയായി. ഒരാഴ്ചയോളം അക്രമ സംഭവങ്ങള്‍ തുടര്‍ന്നു. കുടിലുകള്‍ തീയിട്ടു നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ പുരുഷന്മാര്‍ക്ക് കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികള്‍ പെരുംപഴുതൂര്‍ ,മാരയമുട്ടം , പള്ളിച്ചല്‍, മുടവൂര്‍ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.
ഊരൂട്ടമ്പലം സ്‌കൂളിനു പുറമേ വെങ്ങാനൂര്‍ ചാവടി സ്‌കൂളിലും അയ്യങ്കാളി പുലയ സമുദായംഗങ്ങളുടെ പ്രവേശനത്തിനായി ചെന്നു. അവിടെയും മര്‍ദനവും പീഡനവുമായിരുന്നു മറുപടി. അക്രമങ്ങള്‍ക്ക് അറുതിയില്ലാതായപ്പോള്‍ അയ്യങ്കാളി സമരത്തിന്റെ രീതി മാറ്റി. പിന്നോക്കക്കാരുടെ സ്‌കൂള്‍പ്രവേശനം ആവശ്യപ്പെട്ട് തിരുവിതാംകൂറില്‍ കര്‍ഷക തൊഴിലാളികള്‍ പണിമുടക്കി. 1913ലായിരുന്നു ആ പണിമുടക്ക്. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ആയിരുന്ന കണ്ടല സി .കെ നാഗര്‍പിള്ള മധ്യസ്ഥനായെത്തി ഇരുകൂട്ടരോടും സംസാരിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി. സ്‌കൂള്‍ പ്രവേശനത്തിന് പുറമേ ജോലി സ്ഥിരത, കൂലി കൂടുതല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു.അങ്ങനെ 1914ല്‍ വീണ്ടും വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ജന്മിമാര്‍ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് പുനര്‍നിര്‍മിച്ചു. എല്ലാവര്‍ക്കും പ്രവേശനവും നല്‍കി. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടിപള്ളിക്കൂടം കാലക്രമേണ എല്‍.പി സ്‌കൂളായും പിന്നീട് യു.പിയായും ഉയര്‍ന്നു.
വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കായി സ്‌കൂളില്‍ ഒരു സ്മാരം വേണമെന്ന് പിന്നീട് ആവശ്യമുയര്‍ന്നു. അങ്ങനെയാണ് മാറനല്ലൂര്‍ പഞ്ചായത്ത് സ്‌കൂളില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമിയുടെ പേര് നല്‍കിയത്.പഞ്ചായത്ത് പ്രസിഡന്റ് കുമാരി മായ പി.എസ് ഇതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. അന്ന് ഇവിടെ പ്രവേശനം ലഭിക്കാതിരുന്ന പഞ്ചമി ഇന്നിപ്പോള്‍ ഈ സ്‌കൂളിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. നല്ല രീതിയില്‍ അധ്യായനം നടത്തുന്ന സ്‌കൂളില്‍ മലയാളം, ഇംഗ്ലീഷ് മീഡിയവും ഉണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.