2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

അന്നത്തിന്റെ വില

ജി.എം അബ്ദുല്‍ ഗഫൂര്‍

1945 ഒക്ടോബര്‍16 നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന സ്ഥാപിതമായത്. ഇതിന്റെ സ്മരണാര്‍ഥം എല്ലാവര്‍ഷവും ഈ ദിനം ലോകഭക്ഷ്യദിനമായും 17 ദാരിദ്ര്യനിര്‍മാര്‍ജന ദിനമായും ഐക്യരാഷ്ട്രസഭ ആചരിച്ചു വരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാരിദ്ര്യത്തിനും, പട്ടിണിക്കും ഇരയായവരെ സ്മരിക്കാനായി 1987-ല്‍ ഇതേ ദിവസം പാരീസില്‍ പതിനായിരം പേര്‍ തടിച്ചുകൂടി. ഈ സംഭവത്തില്‍ നിന്നാണ് ദിനാചരണത്തിന്റെ തുടക്കം. 1993-ലാണ് ദിനാചരണം തുടങ്ങിയത്.

ഭക്ഷണത്തിന്റെ ചരിത്രം

ഏകദേശം രണ്ടരലക്ഷം വര്‍ഷം മുന്‍പാണ് മനുഷ്യര്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന വിദ്യ കണ്ടുപിടിച്ചത്. നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മത്സ്യം കഴിക്കാന്‍ ആരംഭിച്ചത്. ഏതാണ്ട് പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയിലാണ് നെല്‍കൃഷി ആരംഭിക്കുന്നത്. ബി.സി 8000-ത്തോടെ ഉരുളക്കിഴങ്ങ് കൃഷി തെക്കേ അമേരിക്കയില്‍ തുടങ്ങി. ബി.സി.7000ത്തോടെ ആദ്യമായി ആടുകളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത് പശ്ചിമേഷ്യയിലാണ്. ബി.സി 5000ത്തോടെ മെസൊപ്പൊട്ടോമിയക്കാര്‍ കന്നുകാലികളെ വളര്‍ത്താന്‍ ആരംഭിച്ചു. ബി.സി.3000ത്തോടെ ലോകത്തിലെ പല നാഗരികതകളിലും വിപുലമായ കൃഷിരീതികള്‍ ആരംഭിച്ചു. മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയ കാലത്തെ പ്രധാന ഭക്ഷണമാര്‍ഗം വേട്ടയാടല്‍ ആയിരുന്നുവെന്നതാണ് ഒരു വാദം.

ഉപയോഗ ശൂന്യമാകുന്ന
ഭക്ഷണം

ഭക്ഷ്യവസ്തുക്കളുടെ അഭാവത്താല്‍ ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ ഇതേ സമയം ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ മൂന്നിലൊരുപങ്കും ഉപയോഗിക്കാതെ പാഴായി പോകുന്നു. ലോകബാങ്ക് നടത്തിയ പഠനങ്ങള്‍ പ്രകാരം, ലോകത്ത് ഒരോ വര്‍ഷവും ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 25 മുതല്‍ 33 ശതമാനം വരെയാണ് പാഴായിപ്പോകുന്നത്. ഏതാണ്ട് 400കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തില്‍ ഓരോ വര്‍ഷവും നശിക്കുന്നത്. ശരിയായ വിധത്തില്‍ ഉപയോഗിക്കാനായാല്‍ ലോകത്തിന്റെ പട്ടിണി ഗണ്യമായി കുറയ്ക്കാന്‍ ഈ ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് സാധ്യമാവുമായിരുന്നു.

ഉപയോഗശൂന്യമാകുന്ന ആഹാരം

ഉപയോഗിക്കാവുന്ന ഘട്ടത്തിലാണ് 35 ശതമാനം ഭക്ഷ്യവസ്തുക്കളും പാഴായിപ്പോകുന്നത്. ഉത്പാദനം, ശേഖരണം എന്നീ ഘട്ടങ്ങളിലും വലിയൊരളവില്‍ ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെടുന്നു. ആകെ പാഴാവുന്ന ഭക്ഷ്യവസ്തുക്കളുടെ 56 ശതമാനവും വികസിത രാജ്യങ്ങളിലാണ് നഷ്ടപ്പെടുന്നത്. അമേരിക്കയിലും കാനഡയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ശീതീകരണികളില്‍ ഇരുന്ന് ഉപയോഗിക്കാതെ നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മാത്രം മതി ഒട്ടേറെ ദരിദ്രരാജ്യങ്ങളിലെ വിശപ്പുമാറ്റാന്‍ എന്നാണ് വിദഗ്ധര്‍ കണ്ടെത്തുന്നത്. എന്നാല്‍ ദരിദ്രരാജ്യങ്ങളില്‍ പാഴാവുന്ന ഭക്ഷണങ്ങളുടെ അളവ് നന്നേ കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ദരിദ്രരിലെ റാങ്കുകാര്‍
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം,വസ്ത്രം, പാര്‍പ്പിടം എന്നിവ തൃപ്തികരമായ നിലയില്‍ നേടാനാവാത്ത അവസ്ഥയാണ് ദാരിദ്ര്യം. പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധം, സാമൂഹികമായ അരക്ഷിതാവസ്ഥ എന്നിവയാണ് ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങള്‍. ഇവയുടെ ഫലമായി വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ലഭിക്കാതെ സമൂഹം കൂടുതല്‍ ക്ഷയിക്കുന്നു. മൂന്നാം ലോക രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന വികസ്വരരാജ്യങ്ങളിലാണ് ദരിദ്രരായ ജനങ്ങളുടെ സിംഹഭാഗവും ഉള്ളത്.

ബാധിക്കുന്നത് കുട്ടികളെ
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ130 കോടിയോളം ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഒരു നേരത്തെ ഭക്ഷണത്തിനുപോലും ഗതിയില്ലാത്ത ഇക്കൂട്ടര്‍ കൂടുതലായും ഇന്ത്യ-ചൈന എന്നീ രാജ്യങ്ങളിലായാണുള്ളത്. മധ്യ-പശ്ചിമ ആഫ്രിക്കയിലെ ആകെ ജനങ്ങളില്‍ 47 ശതമാനത്തോളം കടുത്ത ദാരിദ്ര്യത്താല്‍ വീര്‍പ്പുമുട്ടുന്നവരാണ്. ദാരിദ്ര്യം ഏറ്റവും കഠിനമായി ബാധിക്കുന്നത് കുട്ടികളെയാണ്. ലോകത്തെ 110 കോടി കുട്ടികള്‍ ദാരിദ്ര്യത്തിന്റെ ഇരകളാണെന്ന് യൂനിസെഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക്) ആകെ ജനസംഖ്യയുടെ 88 ശതമാനവും ഒരുനേരത്തെ ആഹാരം പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണ്.

രാജ്യം സമ്പന്നം,
ജനങ്ങള്‍ പട്ടിണിയില്‍
എണ്ണ, മറ്റു വിലപിടിച്ച ധാതുക്കള്‍ എന്നിവയുടെ സമൃദ്ധമായ നിക്ഷേപങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന പല രാജ്യങ്ങളുമുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ എന്നീ രാജ്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. പട്ടാള ഭരണകൂടങ്ങളും, ആഭ്യന്തരകലാപങ്ങളും ഈ രാജ്യങ്ങളിലെ ജനജീവിതം വലിയ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളില്‍ നിന്നുള്ള ധനം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നതിന് പകരം ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമാണ് ഇവിടങ്ങളില്‍ ചെലവിടുന്നത്.

ദാരിദ്ര്യമുക്തമായ
ലോകത്തിനായി

ലോക ബാങ്കിന്റെ ആപ്തവാക്യമാണ് ‘ദാരിദ്യമുക്തമായ ലോകത്തിനായി യത്‌നിക്കുന്നു’ എന്നത്. ദാരിദ്ര്യനിര്‍മാര്‍ജനം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനമാണ് ലോകബാങ്ക്. ഏറ്റവും ദരിദ്രമായ രാജ്യങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കാനുള്ള സംവിധാനം ലോകബാങ്കിനുണ്ട്.
1995 മുതല്‍ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരുണര്‍വു കൈവന്നു. 1995 മുതല്‍ 2005 വരെയുള്ള പത്തു വര്‍ഷക്കാലം ആഗോള ദാരിദ്ര്യനിര്‍മാര്‍ജന ദശകമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു.
ലോക രാജ്യങ്ങളുടെ സഹകരണത്തോടെ ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു. 2020-ഓടെ ലോക ദാരിദ്ര്യജനതയുടെ 50 ശതമാനത്തെയെങ്കിലും ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കാനാണ് ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നത്. പോഷകാഹാരം സമ്പന്നര്‍ക്ക് ലോകത്തിലെ പോഷകാഹാരങ്ങളുടെ അറുപതു ശതമാനത്തിലേറെയും അകത്താക്കുന്നത് ജനസംഖ്യയില്‍ മുപ്പതു ശതമാനത്തിലും താഴെയുള്ള സമ്പന്നരാജ്യക്കാരാണ്. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ദരിദ്രരാജ്യങ്ങളിലെയും വലിയൊരു വിഭാഗം ജനങ്ങളുടെ പ്രധാന ആഹാരം പോഷകങ്ങള്‍ താരതമ്യേന കുറഞ്ഞ കിഴങ്ങുകളും പരുക്കന്‍ ധാന്യങ്ങളുമാണ്.

ദാരിദ്ര്യം സമാധാനത്തിന് ഭീഷണി

ഭൂമിയിലെ ദരിദ്ര ലക്ഷങ്ങളുടെ ദുരിതാവസ്ഥ നമ്മെയും പ്രതികൂലമായി ബാധിക്കുന്നു. ദരിദ്രരാഷ്ട്രങ്ങള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്ന കാഴ്ച ആശങ്കാകുലമാണ്. ഈ പ്രവണതകള്‍ ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്നു. തൊഴില്‍രഹിതരായ സൊമാലിയന്‍ യുവാക്കള്‍ തീവ്രവാദത്തിലേക്കു നീങ്ങുന്നു എന്ന് അവിടെ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. സൊമാലിയന്‍ തീവ്രവാദികളുടെ കടല്‍ക്കൊള്ളയെക്കുറിച്ചുള്ള കഥകള്‍ നമുക്കു സുപരിചിതമാണല്ലോ. മൊഗാഡിഷുവിലെ’സൊമാലി യൂത്ത് അസോസിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അഭിപ്രായപ്രകാരം,’സൊമാലിയന്‍ യുവാക്കളെ അക്രമത്തിലേക്കും ദുര്‍വൃത്തിയിലേക്കും നയിക്കുന്ന മഹാവിപത്താണ് ദാരിദ്ര്യം’.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News