2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

അന്തിക്കാട്ടെ കര്‍ഷകര്‍ ചോദിക്കുന്നു; മനു രത്‌ന കൊയ്തിട്ടെന്ത് കാര്യം?

അന്തിക്കാട്: മനു രത്‌ന കൊയ്തിട്ടെന്തു കാര്യമെന്ന കര്‍ഷകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ കൃഷി വകുപ്പും പാടശേഖര സമിതിയും ഇരുട്ടില്‍ തപ്പുന്നു. മനു രത്‌ന വിത്തിറക്കിയ അന്തിക്കാട് പാടശേഖരത്തിലെ കാഞ്ഞാം കോള്‍, പഴങ്ങാ പറമ്പ് കോള്‍ എന്നിവിടങ്ങളിലെ ഏക്കര്‍ കണക്കിന് നിലം കര്‍ഷകര്‍ ഇനിയും കൊയ്തിട്ടില്ല. പതിനായിരക്കണക്കിനു രൂപ ചെലവായതിനു പുറമെ കൊയ്ത്ത് യന്ത്രത്തിന്റെ കൂലി കൂടി കൊടുക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
മനു രത്‌ന നെല്‍വിത്ത് കൃഷി ചെയ്ത പടവിലെ 203 ഏക്കറില്‍ കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിളവ് ഗണ്യമായി കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായത്. ഗുണനിലവാരം കുറഞ്ഞ മനു രത്‌ന നെല്‍വിത്ത് നല്‍കി കൃഷി വകുപ്പധികൃതര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
വളം കൂടുതല്‍ ഉപയോഗിച്ചതാണ് മനു രത്‌നയുടെ വിളവ് ഗണ്യമായി കുറയാന്‍ കാരണമെന്ന കൃഷിവകുപ്പധികൃതരുടെ നിലപാട് ആടിനെ പട്ടിയാക്കലാണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. കുറ്റം മുഴുവന്‍ കര്‍ഷകരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് കൃഷി വകുപ്പധികൃതര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു.
പടവില്‍ ഇരുപ്പു കൃഷിയിറക്കുന്നതിന്റെ ഭാഗമായിട്ടാണ് 90 ദിവസം കൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിയുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞ മനു രത്‌ന കൃഷിയിറക്കിയത്. എന്നാല്‍ 115 ദിവസം കഴിഞ്ഞാണ് മനു രത്‌ന കൊയാന്‍ കഴിഞ്ഞതെന്ന് കര്‍ഷകര്‍ പറഞ്ഞു. കോള്‍ പടവുകളില്‍ അപൂര്‍വമായി കൃഷിയിറക്കുന്ന നെല്‍വിത്താണ് മനു രത്‌നയെന്ന് പരമ്പരാഗത കര്‍ഷകര്‍ പറഞ്ഞു.
മൂന്നു മാസം കൊണ്ട് കൊയ്ത്ത് നടത്താന്‍ കഴിയുമെന്ന ഒറ്റ കാരണത്താല്‍ മനു രത്‌ന പരീക്ഷിച്ചത് ശരിയായില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. നെല്‍ച്ചെടികളേക്കാള്‍ ഉയരത്തില്‍ വരിനിറഞ്ഞ നിലയിലാണ് മനു രത്‌ന കൃഷിയിറക്കിയ നിലങ്ങള്‍.
കര്‍ഷകര്‍ കൊയ്ത്ത് നടത്താന്‍ തയാറാകാത്തത് ഇരുപ്പൂ കൃഷിയെ പ്രതിസന്ധിയിലാക്കും. കൊയ്ത്ത് യന്ത്രത്തിന്റെ കൂലിയും ഇതുവരെ കര്‍ഷകര്‍ക്ക് നഷ്ടമായ തുകയും നല്‍കാന്‍ കൃഷി വകുപ്പ് തയാറായാല്‍ മാത്രമെ കൊയ്ത്ത് നടത്തുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ് പടവിലെ ഭൂരിഭാഗം കര്‍ഷകരും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.