2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഒടുവില്‍ ട്രംപിന്റെ പ്രഖ്യാപനം; ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനം

വാഷിങ്ടണ്‍: അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചു. വിഷയത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ സ്വീകരിച്ചുപോന്ന നിലപാടുകള്‍ക്കു വിരുദ്ധമായാണ് ട്രംപിന്റെ നിര്‍ണായക തീരുമാനം. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യയില്‍ സമാധാന പ്രക്രിയ ആരംഭിക്കാനുള്ള ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലേക്കുള്ള കാല്‍വയ്പ്പാണ് പ്രഖ്യാപനമെന്ന് ട്രംപ് പറഞ്ഞു. ഇസ്‌റാഈലും ഫലസ്ഥീനും അംഗീകരിക്കുകയാണെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ രാജ്യം പിന്തുണക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും അമേരിക്കയുടെ താല്‍പര്യത്തിനും ഏറ്റവും ഉചിതമായ നടപടിയാണ് ഇതെന്നും തെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്കു മാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് മേഖലയില്‍ അതിഭീകരമായ പ്രത്യാഘാതത്തിനിടയാക്കുമെന്ന് നേരത്തെ ഫലസ്ഥീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസ് തെരഞ്ഞെടുപ്പിനിടെ ട്രംപ് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കല്‍. എന്നാല്‍ ട്രംപിന്റെ നീക്കത്തിനെതിരേ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കു പുറമെ ഫ്രാന്‍സ്, സഊദി അറേബ്യ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ജറൂസലമിലെ നിലിവലെ സ്ഥിതി തുടരണമെന്നും മാറ്റങ്ങളുണ്ടാവരുതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങള്‍ക്കു തടസമാകുന്ന നടപടിയാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. ജറൂസലമിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന പുതിയ നിലപാടുകളില്‍ തങ്ങള്‍ക്കുള്ള നീരസം അമേരിക്കയെ അറിയിച്ചതായി ഫലസ്ഥീന്‍ വക്താവ് പറഞ്ഞു. മഹ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
1995ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെയാണ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. 1999നകം ഇത് പ്രാബല്യത്തില്‍ വരുത്തണമെന്ന് കാലാവധിയും നല്‍കിയിരുന്നു. എന്നാല്‍ ആറു മാസംതോറും തീരുമാനം നടപ്പാക്കുന്നത് നീട്ടാന്‍ പ്രസിഡന്റുമാര്‍ക്ക് സവിശേഷ അധികാരമുണ്ട്. ഇതുപ്രകാരം ഇതുവരെയുള്ള പ്രസിഡന്റുമാരെല്ലാം തീരുമാനം ആറു മാസംതോറും നീട്ടിവയ്ക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.