
ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വത്തിന്റെ കടുത്ത നിലപാട് പളനി സാമി വിഭാഗത്തെ അനുനയ നിലപാടിലേക്ക് എത്തിച്ചു. ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തതോടെ പളനിസാമി പക്ഷം അദ്ദേഹത്തെ പൂര്‍ണമായും കൈയൊഴിയുകയും പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴിപ്പെടുകയും ചെയ്തിരിക്കുകയാണ്.
പനീര്‍ശെല്‍വം പക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദിനകരന്റെ അറസ്റ്റിന് പിന്നാലെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ജന.സെക്രട്ടറി ശശികലയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാണ് വിമത പക്ഷത്തോട് പളനിസാമി വിഭാഗം കൂറുകാണിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് ഉയര്‍ത്തിയിരുന്ന ആള്‍പൊക്കമുള്ള ശശികലയുടെ ചിത്രം എടുത്തുമാറ്റി. ശശികലക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് വച്ചിരുന്ന ബാനറുകളും പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പകരം അന്തരിച്ച മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായിരുന്ന ജയലളിതയുടെ ചിത്രങ്ങളും ഉയര്‍ത്തി.
ശശികലയുടെ ചിത്രങ്ങള്‍ നീക്കിയ വിവരമറിഞ്ഞ് സന്തോഷപ്രദവും സ്വാഗതം ചെയ്യപ്പെടേണ്ടതുമായ തീരുമാനമാണ് ഉണ്ടായതെന്ന് പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖ നേതാവായ കെ.പി മുനിസാമി പറഞ്ഞു. പളനിസാമി പക്ഷവുമായി ചേര്‍ന്ന് ലയനചര്‍ച്ച തുടങ്ങുന്നതിനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
തങ്ങളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ലയനചര്‍ച്ച നാളെ തുടങ്ങുമെന്നും മുനിസാമി മാധ്യമങ്ങളോടു പറഞ്ഞു.
പാര്‍ട്ടിയിലെ ഇരുപക്ഷങ്ങളും ലയിക്കണമെങ്കില്‍ ശശികലയെയും ദിനകരനെയും തള്ളിപ്പറയണമെന്നായിരുന്നു ആദ്യത്തില്‍ പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. ഇതിനുശേഷം ചര്‍ച്ചയാകാമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം ചെയ്തതോടെ ഇനി ചര്‍ച്ചക്കുള്ള പ്രതിബന്ധങ്ങളെല്ലാം തീര്‍ന്നുവെന്നാണ് പനീര്‍ശെല്‍വം പക്ഷം നേതാക്കള്‍ പറഞ്ഞത്.
അതേസമയം അറസ്റ്റിലായ ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലിസ് ഇന്നലെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇയാള്‍ക്കൊപ്പം കൂട്ടാളിയായ മല്ലികാര്‍ജുനയെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചക്ക് ഇപ്പോഴാണ് അനുകൂല സാഹചര്യമൊരുങ്ങിയതെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.