2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അനില്‍ കുംബ്ലെ വീണ്ടും ഐ.സി.സി കമ്മിറ്റി ചെയര്‍മാന്‍; ദ്രാവിഡും കമ്മിറ്റിയില്‍

ദുബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയേയും ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. മൂന്നു വര്‍ഷ കാലാവധിയിലേക്കാണ് ഇരുവരേയും തെരഞ്ഞെടുത്തത്.

രാജ്യാന്തര ക്രിക്കറ്റ് കളിക്കാരുടെ സംഘടനയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം മെയും ദ്രാവിഡിനൊപ്പം കമ്മിറ്റിയിലെത്തി. ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാര, ഇന്ത്യയുടെ ലെഗ്‌സിപ്ന്നര്‍ എല്‍. ശിവരാമകൃഷ്ണന്‍ എന്നിവര്‍ക്ക് പകരമാണ് യഥാക്രമം ദ്രാവിഡും മെയുമെത്തുന്നത്. കാലാവധി അവസാനിച്ചതോടെയാണ് ഇരുവരേയും തെരഞ്ഞെടുത്തത്. മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലറിനു പകരമാണ് ജയവര്‍ധനെ നിയമിതനാകുന്നത്. ദ്രാവിഡ്, ജയവര്‍ധനെ, ടിം മെയ് എന്നിവര്‍ കളിക്കാരെ പ്രതിനിധീകരിച്ചാണ് കമ്മിറ്റിയിലെത്തിയത്. ദ്രാവിഡ് നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ് ടീമിന്റെ മെന്‍ഡറും ജയവര്‍ധനെ ഇംഗ്ലീഷ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവുമാണ്.
അംപയര്‍മാരുടെ പ്രതിനിധിയായി റിച്ചാര്‍ഡ് കെറ്റില്‍ബോറൗഫിനെ തെരഞ്ഞെടുത്തു. സ്റ്റീവ് ഡേവിസിനു പകരക്കാരനായാണ് ബോറൗഫ് തെരഞ്ഞെടുക്കപ്പെട്ടത്.

ആന്‍ഡ്രു സ്‌ട്രോസും കളിക്കാരെ പ്രതിനിധീകരിച്ച് കമ്മിറ്റിയിലുണ്ട്. പരിശീലകരുടെ പ്രതിനിധി ഡാരന്‍ ലെമനാണ്. അസോസിയേഷന്‍ പ്രതിനിധി കെവിന്‍ ഒബ്രയ്‌നും വനിതാ പ്രതിനിധിയായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ക്ലാരെ കോന്നറുമുണ്ട്. രവി ശാസ്ത്രിയാണ് മാധ്യമ പ്രതിനിധി. ക്രിക്കറ്റിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയാണ്. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമങ്ങള്‍ക്ക് ഐ.സി.സി അംഗീകാരം നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.