2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

അനാവശ്യ സൂപ്പര്‍ ആന്വേഷന്‍ നിര്‍ത്തലാക്കണം

ജോഷി ബി.ജോണ്‍ മണപ്പള്ളി, കൊല്ലം

വരുമാനത്തിന്റെ മൂന്നില്‍ രണ്ടും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി വിനിയോഗിക്കുകയും സഞ്ചിത കടം ലക്ഷക്കണക്കിനു കോടിയിലേയ്ക്കു വളരുകയും ചെയ്ത കേരളത്തില്‍, ചെലവു കുറയ്ക്കാനുള്ള ഏതു നിര്‍ദേശവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കേരള സര്‍വിസ് ചട്ടങ്ങളിലെ അനാവശ്യ ഇനമായ അധ്യാപകരുടെ സൂപ്പര്‍ ആന്വേഷന്‍ നിര്‍ത്തലാക്കിയാല്‍ വര്‍ഷം കുറഞ്ഞതു 300 കോടി രൂപ ലാഭിക്കാനാകും. ജൂലൈ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളില്‍ ജനനതിയതി ഉള്ളവര്‍ക്ക് 56 വയസ് തികഞ്ഞ ശേഷവും അടുത്ത മാര്‍ച്ച് 31 വരെ വെറുതെ ശമ്പളം നല്‍കുന്ന രീതിയാണിത്.
സ്‌കൂളിന്റെ നടത്തിപ്പു മുടങ്ങാതിരിക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. എല്ലാ മാസവും നിയമനവും സ്ഥലംമാറ്റവും നടക്കുമ്പോള്‍ ആ വാദം തന്നെ അപ്രസക്തമാണ്. ഒരാള്‍ വിരമിച്ചാല്‍, പിറ്റേന്നു തന്നെ പുതിയ ആളെ വയ്ക്കാന്‍ സംവിധാനമുണ്ട്. മാത്രമല്ല, പെന്‍ഷന്‍ വര്‍ഷം മിക്കവര്‍ക്കും വെറുതെയിരിക്കാനുള്ള കാലമെന്നാണു സ്‌കൂളുകളിലെ അലിഖിത നിയമം. സൂപ്പര്‍ ആന്വേഷനിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് 70,000 രൂപ ശമ്പളമുണ്ട്., മിക്കവരും അക്കൗണ്ടില്‍ ബാക്കിയുള്ള കമ്മ്യൂട്ടഡ് ലീവ് എടുത്തശേഷം, ജനന തിയതിയുടെ തലേന്നാള്‍ മാത്രം ജോലിയില്‍ തിരികെ കയറുന്നവരാണ്.
എല്ലാവരും സകല ചുമതലകളില്‍ നിന്നും സ്വയം വിട്ടുനിന്ന്, പെന്‍ഷന്‍പൂര്‍വകാലം ജോലിരഹിതമായി ആസ്വദിക്കും.
സൂപ്പര്‍ ആന്വേഷന്‍ കൊണ്ട് , ആ വ്യക്തിക്ക് വെറുതെ ഏതാനും മാസം ശമ്പളം കിട്ടുമെന്നല്ലാതെ സ്‌കൂളിനോ കുട്ടികള്‍ക്കോ സമൂഹത്തിനോ ഒരു പ്രയോജനവുമില്ല. പുതിയ ഒരാളിന്റെ വരവ് ഒഴിവാക്കാന്‍ കഴിയുകയാണ് ഏക ‘നേട്ടം’. അനാവശ്യമായ ഈ കീഴ്‌വഴക്കമൊഴിവാക്കി, ജനന തിയതിപ്രകാരം തന്നെ അധ്യാപകര്‍ക്കു വിരമിക്കല്‍ ബാധകമാക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.