
മലപ്പുറം: സംസ്ഥാനത്ത് അനാഥാലയങ്ങള്‍ക്ക് അരി സൗജന്യമായി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി. ഇതോടൊപ്പം നല്‍കിയിരുന്ന ഗോതമ്പിന് വില ഇരട്ടിയാക്കുകയും ചെയ്തു.
ഓര്‍ഫനേജ് കണ്ട്രോള് ബോഡില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അഞ്ചു കിലോ വീതം അരി സൗജന്യമായും ഗോതമ്പ് കിലോക്ക് രണ്ട് രൂപ നിരക്കിലുമായിരുന്നു ഇതുവരെ നല്‍കിയിരുന്നത്. വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഹോസ്റ്റല്‍ സ്കീം പ്രകാരമായിരുന്നു പദ്ധതി. എന്നാല്‍ കഴിഞ്ഞമാസം മുതല്‍ അരി കിലോഗ്രാമിനു 5.65 രൂപാ നിരക്കിലും ഗോതമ്പ് കിലോഗ്രാമിനു 4.15 രൂപാ നിരക്കിലും അടക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്താല്‍ മതിയെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഡയരക്ടര്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
പുതിയ തീരുമാനം സംസ്ഥാനത്തെ ആയിരക്കണക്കിനു അനാഥാലയങ്ങള്ക്കാണ് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ റേഷന്‍ പെര്മിറ്റുവഴി അതതു ഡിപ്പോകളില്‍നിന്ന് വെല്‍ഫയര്‍ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു ചെയ്തിരുന്നത്. അനാഥാലയങ്ങള്ക്കിതു വലിയ ആശ്വാസവുമായിരുന്നു.
പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ മറ്റു അവശ്യ സാധനങ്ങള്‍ കൂടി സബ്സിഡി നിരക്കില്‍ സ്കീമില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള നിവേദനവും സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അനാഥാലയങ്ങളുടെ ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് വില ഈടാക്കുന്ന നിര്‍ദേശം നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്താണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അയ്യായിരത്തിലേറെ വരുന്ന അന്തേവാസികളെ ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്ഹരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പശ്ചാത്തലത്തില്‍ അനാഥാലയങ്ങള്‍ നിലനില്‍പ്പു ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കൂടുതല്‍ സങ്കീര്‍ണമായ കുരുക്കുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അനാഥ-അഗതികള്‍ കഴിയുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.