2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ സസ്‌പെന്റ് ചെയ്‌തേക്കും

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത. ടോം ജോസിനെതിരേ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് വിജിലന്‍സ് ഡയറക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടോം ജോസിനെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യമായിരിക്കും വിജിലന്‍സ് ഉന്നയിക്കുക. വിജിലന്‍സിന്റെ ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി വഴി സര്‍ക്കാരിനു സമര്‍പ്പിക്കും. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും സസ്‌പെന്‍ഷന്‍ വേണമെന്ന നിലപാട് സ്വീകരിച്ചാല്‍ നടപടിയുണ്ടാകും. ടോം ജോസിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വ്യക്തമാക്കി.
ടോം ജോസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലെ ഇടപാടുകളുടെ രേഖകള്‍ വിജിലന്‍സ് നാളെ പരിശോധിക്കും. അതിനുശേഷം അദ്ദേഹത്തില്‍ നിന്ന് വിശദമായി മൊഴിയെടുക്കും. വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ വിശദാംശം വിജിലന്‍സ് കോടതിയെ അറിയിക്കും. ടോം ജോസിന്റെ ചില സുഹൃത്തുക്കളുടെയും ഭാര്യയുടെ ചില ബന്ധുക്കളുടെയും സ്വത്തുവിവരവും വിജിലന്‍സ് പരിശോധിക്കും. നേരത്തെ മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങാന്‍ അദ്ദേഹം വായ്പ എടുത്തിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ വായ്പ ഒരു വര്‍ഷത്തിനകം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പണം എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു സുഹൃത്തുക്കളില്‍ നിന്നു വാങ്ങിയെന്നാണ് അദ്ദേഹം മൊഴി നല്‍കിയിരുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാനാണു സുഹൃത്തുക്കളുടെ സ്വത്തുവിവരം പരിശോധിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.