2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

അധ്യാപികക്കെതിരേ കേസെടുക്കും

 

കൊല്ലം: അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി പരീക്ഷാഹാളില്‍ വിസര്‍ജനം നടത്തിയ സംഭവത്തില്‍ അധ്യാപികക്കെതിരേ കേസെടുക്കുമെന്ന് പൊലിസ്. സംഭവത്തില്‍ നടപടിയുമായി ബാലാവകാശ കമ്മിഷനും രംഗത്ത്. വിവരം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയാറായില്ല. ചൊവ്വാഴ്ച കൊല്ലം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.

കെമിസ്ട്രി പരീക്ഷ എഴുതുന്നതിനിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥി പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അനുവാദം നല്‍കാതിരുന്ന അധ്യാപിക വിവരം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും തയാറായില്ല.

തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ഥി പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപികക്കെതിരേ കടയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കി.

അധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളില്‍ കടുത്ത മാനസിക സംഘര്‍ഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അധ്യാപികയില്‍ നിന്നും മൊഴിയെടുത്തശേഷമായിരിക്കും പൊലിസ് കേസെടുക്കുകയെന്ന് കടക്കല്‍ സി.ഐ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.