2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അധ്യാപക പാക്കേജ്; നിയമനാംഗീകാര നടപടികള്‍ എങ്ങുമെത്തിയില്ല

സ്വന്തം ലേഖകന്‍

ചെറുവത്തൂര്‍: ഉത്തരവിറങ്ങി ഒരു മാസമാകാറായിട്ടും അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട നിയമനാംഗീകാര നടപടികള്‍ എങ്ങുമെത്തിയില്ല.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനുവരി 29നാണ് അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കഴിഞ്ഞ നാലുവര്‍ഷമായി പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യുന്ന സംസ്ഥാനത്തെ മൂവായിരത്തോളം അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് അധ്യാപക പാക്കേജിനെ അധ്യാപകര്‍ കണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷത്തെ തസ്തികനിര്‍ണയം പുനഃക്രമീകരിച്ചെങ്കില്‍ മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാന്‍ കഴിയൂ. ഇതിന് സാവകാശം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. നേരത്തേ ഫെബ്രുവരി 15നകം തസ്തികനിര്‍ണയം പൂര്‍ത്തിയാക്കണമെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഫെബ്രുവരി മാസം കഴിയാറായിട്ടും തസ്തികനിര്‍ണയം എങ്ങുമെത്തിയില്ല. ഇപ്പോള്‍ ഈ മാസം 29നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനിടെ, അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുള്ളതിനാലാണ് നടപടികള്‍ നീളുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് അനിശ്ചിതത്വം ഒഴിവാക്കാനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ഈ മാസം 25 ന് പ്രത്യേക യോഗം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഓരോ ജില്ലയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ഡി.ഇ.ഒ, പേഴ്‌സണല്‍ അസിസ്റ്റന്റ്, ഏതെങ്കിലും ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, സൂപ്രണ്ട് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.