2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

അധികൃതരുടെ കനിവും കാത്ത് വെള്ളായണി കായല്‍

ബിനുമാധവന്‍

നേമം: കേരളത്തിലെ മൂന്ന് ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണി കായല്‍ നാശത്തിലേയ്ക്ക് നീങ്ങുകയാണ്.

തലസ്ഥാന ജില്ലയിലെ ഏക ശുദ്ധജല തടാകവും കുടിവെളള വിതരണ സ്രോതസ്സുകൂടിയാണിത്.
കൈയേറ്റം , അനധികൃത മണല്‍ഖനനം , മാലിന്യ നിക്ഷേപം , അധികൃതരുടെ അനാസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ ഈ കായല്‍ ദിനം തോറും മരിക്കുകയാണ്. തിരുവല്ലം , കല്ലിയൂര്‍ , വെങ്ങാനൂര്‍ , നേമം , കോവളം തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളായണി കായല്‍ പഞ്ചായത്തുകളിലെ പ്രധാന കുടിവെളള സ്രോതസ്സു കൂടിയാണ്.

കായലിലെ അനധികൃത മണല്‍ ഖനനം ഇപ്പോഴും തുടരുകയാണ്. ഇതുകാരണം കായലിന്റെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണ്. കായല്‍ കൈയേറ്റമാണ് പ്രധാന പ്രശ്‌നം. കായലിനു സമീപം താമസിക്കുന്നവരും കായലിനോട് ചേര്‍ന്ന് ഭൂമി വാങ്ങിയവരും കായല്‍ പരസ്യമായി കൈയേറുകയാണ്.

1924 ലെ സര്‍വേ ഒഫ് ഇന്ത്യയുടെ കണക്കു പ്രകാരം 750 ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കായല്‍ 2005 ല്‍ 397.5 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്.
കൈയേറിയ കായല്‍ റിസോര്‍ട്ടുകളും വില്ലകളുടെയും നിര്‍മാണത്തിനുളള തയാറെടുപ്പിലാണ് ഭുമാഫിയാകള്‍.

1953 വരെ ഇവിടെ താമര കൃഷി നടത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ താമര പൂവ് വെള്ളായണി കായലില്‍നിന്നുമാണ് എത്തിയിരുന്നത്.

 

വെളളായണി കായലിലെത്തുന്ന ദേശാടന പക്ഷി

1950 കളില്‍ ഭക്ഷ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ അനുമതിയോടെ കര്‍ഷകര്‍ വെള്ളം വറ്റിച്ച് ആണ്ടില്‍ രണ്ട് തവണ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇത് ക്രമേണ നിലക്കുകയുണ്ടായി.
2004 ല്‍ സര്‍ക്കാര്‍ വീണ്ടും വെള്ളായണി കായലില്‍ നെല്‍കൃഷി ആവിഷ്‌ക്കരിക്കുവാന്‍ പദ്ധതികള്‍ തയാറാക്കിയെങ്കിലും ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണുണ്ടായത്.
പ്രതിഷേധം ശക്തമായപ്പോള്‍ 2005 ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിന്റെ തീരുമാനം തടയുകയായിരുന്നു. ഇതിനുശേഷം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ റിസര്‍ച്ച് വിഭാഗം സര്‍വേ നടത്തുകയും റിപ്പോര്‍ട്ട് കമ്മിഷനു നല്‍കുകയുമായിരുന്നു.

റിപ്പോര്‍ട്ടില്‍ യാതൊരു കാരണവശാലും നെല്‍കൃഷി നടത്താന്‍ പാടില്ലായെന്നും പാരിസ്ഥിതിക പ്രശനങ്ങല്‍ക്ക് കാരണമാകുമെന്നും പറയുകയുണ്ടായി.

നെല്‍കൃഷി നടത്തുന്നതുമൂലം കുടിവെള്ളത്തിന് സമീപ പഞ്ചായത്തുകളില്‍ ക്ഷാമമുണ്ടാവുകയും വെള്ളത്തില്‍ നെല്ലിനു തളിക്കുന്ന കീടനാശിനികള്‍ മാരകവിപത്ത് ഉണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇതോടുകൂടി പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.

ഇതിനുശേഷം അനധികൃത കൈയേറ്റം തടയുന്നതിന് കായലിനു ചുറ്റും കമ്പിവേലികെട്ടി സംരക്ഷിക്കുന്നതിനുളള ചുമതല പബ്ലിക്ക് ഹെല്‍ത്ത് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിനു നല്‍കുകയായിരുന്നു.
എന്നാല്‍ അടുത്തിടെ വെള്ളായണി കായലിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുളള നടപടികളുമായി ജില്ലാഭരണകൂടം രംഗത്ത് എത്തിയിട്ടുണ്ട്.

കായല്‍ കടന്നു പോകുന്ന രണ്ട് പഞ്ചായത്തുകളില്‍ 33 സ്ഥലങ്ങളിലായി 1.9 ഏക്കര്‍ സ്ഥലം കൈയേറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുന്‍പ് ജില്ലാകലക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
കായല്‍ കടന്നു പോകുന്ന വെങ്ങാനൂര്‍ , കല്ലിയൂര്‍ പഞ്ചായത്തുകളിലെ 428.71 ഏക്കര്‍ സ്ഥലത്താണ് റവന്യു അധികൃതര്‍ സര്‍വേ നടത്തിയത്. കൈയേറ്റം നടന്ന ഭൂമിയില്‍ അതിര്‍ത്തി കെട്ടിത്തിരിച്ച് കെട്ടിടങ്ങള്‍ പണിതതായും ശേഷിക്കുന്നവ മണ്ണിട്ട് നികത്തിയെടുത്തതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ കൈയേറ്റം നടന്നിട്ടുളള ഭൂമിയില്‍ പലതിനും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് എങ്ങനെ ലഭ്യമായി എന്ന ചോദ്യത്തിന് റവന്യു അധികൃതര്‍ക്ക് കൈമലര്‍ത്താനെ കഴിയൂ.

വെള്ളായണി കായല്‍ ദിനം തോറും മാലിന്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കായലിലെ മത്സ്യ സമ്പത്ത് അനുദിനം കുറഞ്ഞുവരികയാണ്.

അധികൃതരുടെ നേതൃത്വത്തില്‍ കായല്‍ കടന്നു പോകുന്ന ചില പ്രദേശങ്ങളില്‍ അടുത്തിടെ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുയെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ മാലിന്യം കാരണം അവ ചത്ത് പൊങ്ങുകയാണുണ്ടായത്.

2008 ല്‍ തിരുവന്തപുരത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വെള്ളായണി കായലിലെ ജലം എടുത്ത് സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.
ജലത്തില്‍ മാരകമായ അളവില്‍ അയണും , അമോണിയായും , ഇ-കോളീ ബാക്ടീരിയായും അടങ്ങിയിട്ടുണ്ട് എന്നുളളതാണ്. ഈ ജലമാണ് തിരുവനന്തപുരത്തിന്റെ മിക്കഭാഗങ്ങളിലും കുടിവെള്ളമായി എത്തുന്നത്.
കൂടാതെ വിഴിഞ്ഞം , വെങ്ങാനൂര്‍ , പൂങ്കുളം , നേമം തുടങ്ങിയ പഞ്ചായത്തുകളിലേക്കുളള കുടി വെളള പദ്ധതികളും വെള്ളായണി കായലിനെ ആശ്രയിച്ചാണ് നടക്കുന്നത്. പ്രകൃതി രമണീയമായ ഈ കായലില്‍ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതിയെത്തുന്നത്. കൂടാതെ നിരവധി ദേശാടന പക്ഷികളും.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.