2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ തുടങ്ങുന്നു; ഇനി ട്രാക്കില്‍ തീപ്പടരും

റിയോ ഡി ജനീറോ: ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന്‍ ഗാറ്റ്‌ലിനും മോ ഫറയുമടങ്ങുന്ന താരങ്ങള്‍ സമീപ ദിവസങ്ങളില്‍ പോരിനിറങ്ങുന്നുണ്ട്. ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ പുരുഷ, വനിതാ മത്സരങ്ങളുടെ ഫൈനലുകള്‍ 14, 15 തിയതികളിലാണ്.

അത്‌ലറ്റിക്‌സിലെ 116 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ ട്രാക്ക് ആന്‍ഡ് ഫീള്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങുന്നു. മറ്റു വിഭാഗങ്ങളിലൊക്കെ ദയനീയ പ്രകടനം തുടരുന്ന ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ എത്രകണ്ട് മുന്നേറാന്‍ സാധിക്കുമെന്നു കണ്ടറിയണം.

ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയാണ് ഇന്നിറങ്ങുന്ന താരങ്ങളില്‍ പ്രമുഖന്‍. യോഗ്യതാ റൗണ്ടില്‍ അമേരിക്കയുടെ ആന്‍ഡ്രൂ ഇവാന്‍സ്, ഉക്രൈന്റെ ഒലെക്‌സി സെമെനോവ് എന്നീ വമ്പന്‍മാരോടാണ് ഗൗഡയ്ക്ക് മത്സരിക്കേണ്ടത്. താരത്തിന്റെ തുടര്‍ച്ചയായ നാലാമത് ഒളിംപിക്‌സാണിത്. വേറൊരു ഇന്ത്യന്‍ അത്‌ലറ്റും മൂന്നിലധികം ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടില്ല. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ വര്‍ഷത്തെ വുഹാന്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ താരമാണ് ഗൗഡ. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ സീസണില്‍ താരം കാഴ്ച്ചവയ്ക്കുന്നത്. കഴിഞ്ഞ ഒളിംപിക്‌സില്‍ 66.28 ആയിരുന്നു വികാസിന്റെ മികച്ച പ്രകടനം. ഇതു മറികടക്കുമെന്ന് വികാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വനിതാ വിഭാഗം ഷോട്ട പുട്ടില്‍ മന്‍പ്രീത് കൗര്‍ ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്നുണ്ട്. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന മന്‍പ്രീതിന് അത്ഭുത പ്രകടനം കാഴ്ച്ചവച്ചാല്‍ ഫൈനലിലേക്ക് മുന്നേറാം.

800 മീറ്ററിന്റെ യോഗ്യതാ റൗണ്ടില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. വമ്പന്‍മാര്‍ മത്സരിക്കുന്ന 800 മീറ്ററില്‍ ഹീറ്റ്‌സ് മൂന്നിലാണ് താരം മത്സരിക്കുന്നത്. മികവുറ്റ താരങ്ങളായ ഡേവിഡ് റുഡിഷ, മൈക്കല്‍ റിമ്മര്‍, ക്ലേയ്റ്റന്‍ മര്‍ഫി എന്നിവര്‍ മത്സരിക്കുന്നയിനത്തില്‍ സെമി ഫൈനലിലേക്ക് മുന്നേറുക ജിന്‍സന് ദുഷ്‌കരമാണ്.

പുരുഷ വിഭാഗം 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഫൈനല്‍ പ്രതീക്ഷയുണ്ട് ഇന്ത്യക്ക്. കൃഷ്ണന്‍ ഗണപതി, ഗുര്‍മീത് സിങ്, മനിഷ് സിങ് എന്നിവരാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. പുരുഷ വിഭാഗം 400 മീറ്റര്‍, ലോങ് ജംപ് എന്നിവയാണ് ഇന്ത്യ മത്സരിക്കുന്ന മറ്റിനങ്ങള്‍. 400 മീറ്ററില്‍ മുഹമ്മദ് അനസ് അവസാന ഹീറ്റ്‌സിലാണ് മത്സരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ പാവേല്‍ മസ്‌ലാക്, കെനിയയുടെ അലക്‌സാന്‍ഡര്‍ ലെറിയോന്‍ക സാംപാവോ, അമേരിക്കയുടെ ഗില്‍ റോബര്‍ട്ട്‌സ് എന്നിവര്‍ താരത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

ലോങ് ജംപ് യോഗ്യത വിഭാഗത്തില്‍ അങ്കിത് ശര്‍മയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വമ്പന്‍ താരങ്ങളാണ് ഈ വിഭാഗത്തിലും മത്സരിക്കുന്നത്. ആദ്യ എട്ടില്‍ സ്ഥാനം പിടിച്ചാല്‍ ഫൈനലിലേക്ക് മുന്നേറാന്‍ അങ്കിതിന് സാധിക്കും. മികച്ച ഫോമിലാണ ്താരം ഉള്ളതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവ് തിരിച്ചടിയായേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.