2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

അതിശൈത്യത്തില്‍ നിശ്ചലമാകുമോ നയാഗ്ര?

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അതിശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഈ മാസം പകുതിയോടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി മാറുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക ഇപ്പോള്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ്. 2014ല്‍ നയാഗ്ര തണുത്തുറഞ്ഞ് നിശ്ചലമായിരുന്നു. മൗണ്ട് വാഷിംഗ്ടണില്‍ മൈനസ് 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മൈനസ് 32 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതനു മുമ്പ് രേഖപ്പെടുത്തിയത്.

കൊടും ശൈത്യം പ്രകൃതിയേയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടുതലായി മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും താപനില മൈനസ് പത്ത് ഡിഗ്രിക്കും താഴെയാണ്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില താഴാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ത്രെഷര്‍ ഷാര്‍ക്ക് ഇനത്തില്‍ പെട്ട മുപ്പതോളം സ്രാവുകള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞതോടെയാണ് ഗവേഷകര്‍ ഇതു തിരിച്ചറിഞ്ഞത്. താപനില താഴ്ന്നതോടെയാണ് സ്രാവുകള്‍ ജീവനറ്റ് തീരത്തടിഞ്ഞതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉഷ്ണമേഖല പ്രദേശത്ത് ജീവിക്കുന്ന ജീവികളാണ് ഇങ്ങനെ ചത്തടിഞ്ഞവയെല്ലാം. അറ്റ്‌ലാന്റിക് വൈറ്റ് ഷാര്‍ക്ക് കണ്‍സേര്‍വന്‍സിയാണ് സ്രാവുകളുടെ ഈ കൂട്ടത്തോടെയുള്ള മരണം നിരീക്ഷിച്ചതും പുറംലോകത്തെ അറിയിച്ചതും. കോള്‍ഡ് ഷോക്ക് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. താപനിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകുമ്പോള്‍ പേശികള്‍ തണുത്തുറയുകയും ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യും. ഇതാണ് കോള്‍ഡ് ഷോക്ക്.

മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് ആണ് സ്രാവുകല്‍ കൂട്ടത്തോടെ ചത്തടിഞ്ഞ കേപ് കോഡില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഈ തണുപ്പ് സ്രാവുകള്‍ക്ക് അതിജീവിക്കാനാകില്ല. അതുകൊണ്ടാകാം കരയോടു ചേര്‍ന്നു വന്ന സ്രാവുകള്‍ കൊല്ലപ്പെട്ടതെന്നും ഗവേഷകര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.