2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അതിവേഗം കോണ്‍ഗ്രസ്, പഴുതുതേടി ബി.ജെ.പി

 

ന്യൂഡല്‍ഹി: ആരാണോ സംസ്ഥാനം ഭരിക്കുന്നത് അവര്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിലും നില്‍ക്കുകയെന്നതാണ് രാജസ്ഥാന്റെ ഇതുവരെയുള്ള ചരിത്രം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 25ഉം ബി.ജെ.പിയാണ് നേടിയത്. അന്ന് 163 സീറ്റുകളുമായി ബി.ജെ.പി സര്‍ക്കാരായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്.
നിലവില്‍ ആകെയുള്ള 200ല്‍ 100 സീറ്റും നേടി കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ബി.ജെ.പിക്ക് 73 സീറ്റേയുള്ളൂ. റാഫേലും കര്‍ഷക പ്രശ്‌നവുമൊക്കെയായി കേന്ദ്രത്തിലെ കാര്യവും അത്ര പന്തിയല്ല. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ പേടിക്കാനൊന്നുമില്ല.
എന്നാല്‍ പഴുതു നോക്കി നടക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിനെക്കാള്‍ 0.5 ശതമാനം വോട്ടുവിഹിതം മാത്രമാണ് ബി.ജെ.പിക്ക് കുറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് ഏറെ അകലെയല്ലാത്ത രാജസ്ഥാന്‍ വെറുതെ വിട്ടുകൊടുക്കാനൊന്നും ബി.ജെ.പി തയാറാവില്ല.
കര്‍ഷകരെയും യുവാക്കളെയും പരിഗണിച്ചായിരുന്നു പുതുതായി അധികാരത്തിലെത്തിയ അശോക് ഗെലോട്ട് മന്ത്രിസഭയുടെ തുടക്കം. രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ അധികാരമേറ്റ് രണ്ടാം ദിവസം തന്നെ എഴുതിത്തള്ളി. 18,000 കോടി ഈയിനത്തില്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്നത് വേറെ കാര്യം. കര്‍ഷക കമ്മിഷന് വീണ്ടും രൂപംകൊടുക്കുമെന്നും ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും ജനുവരിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ലക്ഷം വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് അന്തിമ തിയതി പ്രഖ്യാപിച്ചു. തൊഴില്‍ രഹിത വേതനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം 70,000ത്തില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തി. അസംബ്ലിയില്‍ 33 ശതമാനം വനിതാ സംവരണവും പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും വരാന്‍ പോകുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിവേഗത്തിലായതിനാല്‍ പഴുതുകിട്ടാത്ത ബി.ജെ.പി വായ്പ എഴുതിത്തള്ളുന്നതിലാണ് പിടിച്ചിരിക്കുന്നത്. 18,000 കോടി എഴുതിത്തള്ളിയാല്‍ പോരെന്നും 51 ലക്ഷം കര്‍ഷകരുടെ വായ്പയായ 99,995 കോടി എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സമരം നടത്തി.
25 മണ്ഡലങ്ങളിലേക്കും ചുമതലക്കാരെ നിശ്ചയിച്ച് ലോക്‌സഭാ പ്രചാരണത്തിന് തയാറാവുകയാണ് ബി.ജെ.പി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്്‌ദേക്കറും അര്‍ജുന്‍ റാം മേഖ്‌വാളും അടുത്തിടെ തങ്ങളുടെ മണ്ഡലം സന്ദര്‍ശിച്ചു.
2017ല്‍ ഷെഖാവതി മേഖലയില്‍ ഇടതുപാര്‍ട്ടികള്‍ കര്‍ഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം തുടങ്ങിയതോടെയാണ് ബി.ജെ.പിക്ക് പ്രതിസന്ധി തുടങ്ങുന്നത്. കാലികളെ കടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം വലിയ എതിര്‍പ്പുണ്ടാക്കി. നോട്ടുനിരോധനവും ജി.എസ്.ടിയും കര്‍ഷകരെ മാത്രമല്ല ചെറുകിട സംരംഭകരെയും തൊഴില്‍രഹിതരാക്കി.
മാഫിയാ തലവന്‍ അനന്ത്പാല്‍ സിങ്ങിനെ കൊലപ്പെടുത്തിയത് രജപുത്തുകളെ ബി.ജെ.പിക്ക് എതിരാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ടു സംവരണ ബില്ലുകള്‍ ഗുണമൊന്നുമില്ലാത്തതാണെന്ന് കണ്ട ഗുജ്ജറുകളും എതിരായി.
ഈ അതൃപ്തികളെല്ലാം സ്വരുക്കൂട്ടിയെടുത്ത വോട്ടുകളാണ് കോണ്‍ഗ്രസിന്റേത്. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ ഇനി പാഴാക്കാന്‍ സമയമില്ല. വായ്പ എഴുതിത്തള്ളിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് സര്‍ക്കാര്‍. കാലിക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നോട്ടത്തിലാണ്.
എന്നാലിപ്പോഴത്തെ ഗുജ്ജര്‍ സമരം എന്തെല്ലാം പ്രതിസന്ധികളുണ്ടാക്കുമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ചരിത്രവും വര്‍ത്തമാനവും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ നല്‍കുന്നത്. പരാതികളുണ്ടാക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം കൂടി പൂര്‍ത്തിയാക്കാനായാല്‍ കോണ്‍ഗ്രസ് ഏറെ മുന്നോട്ടു പോകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.