2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അതിര്‍ത്തി മതില്‍: അടിയന്തരാവസ്ഥാ ഭീഷണിയുമായി വീണ്ടും ട്രംപ്

 

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ അടിയന്തരാവസ്ഥാ ഭീഷണിയുമായി വീണ്ടും യു.എസ് പ്രസിഡന്റ്. അതിര്‍ത്തി മതില്‍ നിര്‍മിക്കാനുള്ള പണം കണ്ടെത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ടെക്‌സാസിലെ റിയോ ഗ്രാന്‍ഡ് വാലിയിലുള്ള മക്അലെന്‍ അതിര്‍ത്തി പെട്രോളിങ് കേന്ദ്രത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് അടിയന്തരാവസ്ഥാ ഭീഷണി വീണ്ടും മുഴക്കിയത്.
കോണ്‍ഗ്രസ് മതില്‍ ഫണ്ടിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ഉറപ്പിക്കാമെന്ന് ട്രംപ് പറഞ്ഞു.

അവര്‍ മതില്‍ നിര്‍മാണം മധ്യകാലത്തേക്കുള്ള തിരിച്ചുപോക്കാണെന്നാണു പറയുന്നത്. എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങളേ ഇനി നടക്കൂ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധവേളയിലും അടിയന്തരാവസ്ഥയിലും ധനകാര്യവകുപ്പില്‍നിന്ന് പണമെടുത്തു നിര്‍മാണപ്രവൃത്തികള്‍ നടത്താനുള്ള അധികാരം യു.എസ് പ്രസിഡന്റിനുണ്ട്.

അതിര്‍ത്തി മതിലിന് ഫണ്ട് ധനബില്ലില്‍ വകയിരുത്താന്‍ ഡെമോക്രാറ്റുകള്‍ വിസമ്മതിച്ചതു കാരണം 20 ദിവസത്തോളമായി അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം തുടരുകയാണ്. ഇന്നും പ്രതിസന്ധി മാറ്റമില്ലാതെ തുടര്‍ന്നാല്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണസ്തംഭനമാകുമിത്.
ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ ധനബില്‍ പാസാക്കാന്‍ ആദ്യം ഡെമോക്രാറ്റുകള്‍ വിസമ്മതിച്ചതോടെയാണു ഭരണസ്തംഭനത്തിനു തുടക്കമായത്.

പിന്നീട് മതിലിനുള്ള തുക ഒഴിവാക്കി ബാക്കി ബില്ലിന് സെനറ്റ് അംഗീകാരം നല്‍കി. എന്നാല്‍ മതിലിനുള്ള ഫണ്ടിന് അംഗീകാരം ലഭിക്കാതെ മുന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ഫെഡറല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എട്ടു ലക്ഷത്തോളം തൊഴിലാളികളെയാണു ഭരണ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു ശതമാനം പേര്‍ അവധിയില്‍ പോയിരിക്കുകയാണ്. ഒരു വിഭാഗം വേതനമില്ലാതെയും ജോലി തുടരുന്നു.
അനധികൃത കുടിയേറ്റം കാരണമുള്ള സുരക്ഷാ പ്രതിസന്ധി മറികടക്കാന്‍ അതിര്‍ത്തി മതില്‍ അത്യാവശ്യമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മതില്‍ നിര്‍മാണം അധാര്‍മികവും ജനങ്ങളുടെ നികുതിത്തുക പാഴാക്കലുമാണെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഭരണസ്തംഭനം ഒഴിവാക്കാനായി സെനറ്റ് തിടുക്കപ്പെട്ട് അംഗീകാരം നല്‍കിയ ധനബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ് വിസമ്മതിച്ചിട്ടുണ്ട്.
മതില്‍ നിര്‍മിക്കാനുള്ള 5.7 ബില്യന്‍ ഡോളര്‍ ഉള്‍പ്പെടുത്താതെ ബില്ലില്‍ ഒപ്പുവയ്ക്കുന്ന പ്രശ്‌നമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതിര്‍ത്തിയിലെ പെട്രോളിങ് ചുമതലയുള്ള സൈനികരെ സന്ദര്‍ശിച്ച ട്രംപ് അനധികൃത കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന സൈനികരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.