2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അതിജീവിച്ചത് രണ്ട് മഹാപ്രളയങ്ങളെ: ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന ചരിത്രത്താളുകളിലേക്ക്

ചാലക്കുടി: രണ്ടു തലമുറക്ക് പ്രളയത്തില്‍ താവളമായ കാഞ്ഞാട്ടുമന ചരിത്രത്തിലേക്ക്. നൂറ്റിയെഴുപത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമനയാണ് രണ്ട് മഹാപ്രളയത്തെ അതിജീവിച്ചത്.
1924ലെയും 2018ലെയും മഹാപ്രളയങ്ങള്‍ക്ക് ഈ മന സാക്ഷിയായി. ഇപ്പോഴത്തെ അവകാശിയായ വാസുദേവന്‍ നമ്പൂതിരി, ഭാര്യ രാധ, ബന്ധു ഹരി നാരായണനും ഭാര്യയും രണ്ട് കുട്ടികളുമാണ് ഇക്കഴിഞ്ഞ മഹാപ്രളയത്തില്‍ മനയുടെ തട്ടിന്‍പുറത്ത് അഭയം തേടിയത്. ആഗസ്ത് 16 മുതല്‍ 18വരെയുള്ള രാത്രിയും പകലും ഇവര്‍ ഇവിടെയാണ് തങ്ങിയത്. മനക്ക് പിറകിലൂടെ ഒഴുകുന്ന ചാലക്കുടി പുഴയില്‍നിന്ന് മനയുടെ രണ്ടു ഭാഗത്തുനിന്നും വെള്ളം ഒഴുകിയെത്തി.
വീടിനകത്ത് ആറടിയോളം ഉയരത്തില്‍ വെള്ളം കയറി. വീടും പരിസരവും സമുദ്രം പോലെയായി. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ഓട് നീക്കി തട്ടിന്‍പുറത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വാസുദേവന്‍ നമ്പൂതിരി പറയുന്നു. ഇതിനിടെ ഇതുവഴി കടന്നുപോയ ഹെലികോപ്റ്ററുകളുടെയും വള്ളങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റാനും ശ്രമിച്ചു.
ഒച്ചവച്ചും വടിയില്‍ ചുറ്റിയ തുണികള്‍ ഉയര്‍ത്തികാട്ടിയും നടത്തിയശ്രമങ്ങള്‍ ഫലം കണ്ടില്ല.
സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടകരച്ചില്‍ മനക്കകത്ത് ഉയര്‍ന്നു. എന്നാല്‍ മുന്‍തലമുറയെ പ്രളയം അതിജീവിക്കാന്‍ സഹായിച്ച മന തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയായിരുന്നു വാസുദേവന്‍ നമ്പൂതിരിക്ക് ധൈര്യം നല്‍കിയത്.
വീടിനകത്ത് വെള്ളം കയറിതുടങ്ങിയപ്പോള്‍ തന്നെ ടി.വി, കംപ്യൂട്ടര്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങിയവ തട്ടിന്‍പുറത്തേക്ക് കയറ്റിയിരുന്നു. പൂജയ്ക്കായി തട്ടിന്‍പുറത്ത് കരുതിവച്ചിരുന്ന കദളിപഴം ഭക്ഷണമാക്കി. ഇതിനിടെ അടുക്കളയില്‍ ബിസ്‌ക്കറ്റ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റ് വെള്ളത്തില്‍ ഉയര്‍ന്നുവന്നു. ഇത് കോലുകൊണ്ട് തോണ്ടിയെടുത്തു. വെളിച്ചത്തിനായി തട്ടിന്‍പുറത്ത് നിലവിളക്ക് കത്തിച്ചുവെച്ചു.
18ന് നേരം പുലര്‍ന്നതോടെ വെള്ളം ഇറങ്ങി. അതോടെയാണ് പുറത്തിറങ്ങാനായത്. 1924ലെ പ്രളയത്തില്‍ മനയിലെ സ്ത്രീകള്‍ അഭയം തേടിയതും ഈ തട്ടിന്‍പുറത്തായിരുന്നു. വാസുദേവന്‍ നമ്പൂതിരിയുടെ മുതുമുത്തച്ഛന്റെ ചെറുപ്പകാലത്താണ് മന നിര്‍മിച്ചതത്രെ. ഓലമേഞ്ഞിരുന്ന മന 1064 (കൊല്ലവര്‍ഷം)ല്‍ ഓടിട്ട് നവീകരിച്ചു. കോനൂര്‍ കോട്ടമുറി ഭാഗത്തായിരുന്നു പണ്ട് കാഞ്ഞാട്ടുമനയുടെ ആസ്ഥാനം.
ടിപ്പുവിന്റെ ആക്രമണത്തില്‍ മന നാമാവശേഷമായി. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടിയിലെത്തുന്നത്.
കൊച്ചിരാജാവിന്റെയും കോടശ്ശേരി കര്‍ത്താക്കളുടെയും സഹായത്തിലാണ് മുതുമുത്തച്ഛന്‍മാരുടെ കാലത്ത് ചേനത്തുനാട്ടില്‍ നാലര ഏക്കര്‍ സ്ഥലം സ്വന്തമാക്കി മന നിര്‍മിച്ചതെന്ന് വാസുദേവന്‍ നമ്പൂതിരി ഓര്‍ത്തെടുത്തു.
1924ലെ പ്രളയത്തെക്കാള്‍ ഒരു പടി കൂടി ഉയരത്തിലാണ് ഇത്തവണ വെള്ളം കയറിയതെന്ന് ഇവിടത്തെ രേഖകള്‍ തെളിയിക്കുന്നു. വെള്ളം ഇപ്പോള്‍ പൂര്‍ണമായും ഇറങ്ങി കഴിഞ്ഞു.
വീടിനകത്തും പുറത്തും ചെളി നിറഞ്ഞതൊഴിച്ചാല്‍ മനക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. രണ്ട് മഹാപ്രളയളെയും അതിജീവിച്ച കാഞ്ഞാട്ടുമന ചരിത്രത്തിന്റെ ഭാഗമാവുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.