2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

അതിജീവനത്തിന്റെ പൊന്നുവിളയിക്കാന്‍ കിഴക്കേപാടം കര്‍ഷകര്‍

പടിയൂര്‍: പ്രളയത്തില്‍ നശിച്ചുപോയ കൃഷിയിടത്തില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ തയാറെടുക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപാടം നെല്ലുല്‍പാദക സമൂഹത്തിന്റെ കീഴിലുള്ള ഇരിപ്പൂപാടശേഖരത്തില്‍ നൂറോളം കര്‍ഷകരാണ് മുണ്ടകന്‍ കൃഷിയിറക്കാന്‍ ഒരുങ്ങുന്നത്.
ഈ മാസം കൊയ്യാനിരുന്ന പോത്താനി കിഴക്കേപ്പാടത്തെ 40 ഹെക്ടര്‍ സ്ഥലത്തെ വിരിപ്പുകൃഷി പ്രളയത്തില്‍ പൂര്‍ണമായും നശിച്ചിരുന്നു. പാകമായി തുടങ്ങിയ നെല്‍കതിരുകളെല്ലാം നീലക്കോഴികളും ഇരണ്ടകളും തിന്നുതീര്‍ത്തു. ബാക്കിയുള്ളതെല്ലാം പതിരായി. വെള്ളം ഇറങ്ങിപ്പോയെങ്കിലും വെള്ളപ്പൊക്കത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ രാസപദാര്‍ഥങ്ങളും കക്കൂസ് മാലിന്യങ്ങളും മൂലം നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതേ തുടര്‍ന്ന് പാടത്ത് കുമ്മായമിട്ട് ട്രാക്ടര്‍ കൊണ്ടു നിലമുഴുതുകയാണു കര്‍ഷകര്‍ ചെയ്യുന്നത്.
പാടം കൃഷിയോഗ്യമാക്കിയാല്‍ മാത്രമേ മുണ്ടകന്‍ കൃഷിക്ക് ഈ മാസം തന്നെ വിത്തിറക്കാന്‍ കഴിയൂ. അതിനാല്‍ നിലമൊരുക്കുന്നതിന്റെ തയാറെടുപ്പിലാണു പാടശേഖര കമ്മിറ്റി. കൃഷിക്കായി സംഭരിച്ചിരുന്ന വിത്തുകളും മറ്റു സാധനസാമഗ്രികളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയതിനാല്‍ കൃഷിഭവനില്‍നിന്നു വിത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. മോട്ടോറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നല്‍കിയിരിക്കുകയാണ്. വിത്ത് പാകി മുളപ്പിച്ച് 18 ദിവസത്തിനകം ഞാറുനടാനാണു തീരുമാനം. ഈ മാസം തന്നെ കൃഷിയിറക്കാനായില്ലെങ്കില്‍ വെള്ളത്തിനു ബുദ്ധിമുട്ടുണ്ടാകുമെന്നു കര്‍ഷകര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ കൂടുതല്‍ മഴ വന്നാലും കൃഷിയെ ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.