2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി മന്മഥന്‍ പാടശേഖരം

സി.എം അബൂതാഹിര്‍

നായ്ക്കട്ടി: നൂല്‍പ്പുഴയിലെ മന്മഥന്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്ക്് പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കാവിലിരുന്ന്് വന്യമൃഗങ്ങളില്‍ നിന്നും തങ്ങളുടെ കൃഷി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന കര്‍ഷകരുടെ പോരാട്ടത്തിന്റെ ജീവിതകഥ.
വന്യമൃഗശല്യത്താല്‍ കൃഷി സാധ്യമാകാതെ കര്‍ഷകര്‍ മനംമടുത്ത് കൃഷിഭൂമികള്‍ തരിശിടുമ്പോഴാണ് അതിനെയെല്ലം അതിജീവിച്ച്് കൃഷിചെയ്ത് മന്മഥന്‍ പാടശേഖരത്തിലെ കര്‍ഷകര്‍ അതിജീവനം സാധ്യമാക്കുന്നത്.നെല്‍കൃഷിയെ ജീവവായുപോലെ സ്‌നേഹിക്കുന്നവരാണിവര്‍. രാവും പകലും കാവിലിരുന്നാണ് ഈ കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നത്. ഏറുമാടങ്ങള്‍ തീര്‍ത്തും വയലില്‍ തന്നെ കാവല്‍പുരകള്‍ തീര്‍ത്തുമാണ് കൃഷിസംരക്ഷണം.
ഇവിടെയെത്തിയാല്‍ തങ്ങളുടെ വിയര്‍പ്പിനാല്‍ വിളചെയ്ത നെല്‍കൃഷി സംരക്ഷിക്കാന്‍ കയ്യില്‍ കവണയും കല്ലുമായി കാവലിരിക്കുന്ന കര്‍ഷകരെ കാണാം. കൂടാതെ പ്ലാസ്റ്റിക് കുപ്പികള്‍ തമ്മിലടിച്ച് കതിരുകള്‍ കൊത്തിപറക്കാനെത്തുന്ന കിളികളെ ആട്ടുന്ന വീട്ടമ്മമാരെയും.ഇത് ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല. എല്ലാകാലത്തും പാടം ഒരുക്കി വിളയിറക്കുന്നത് മുതല്‍ ആരംഭിച്ചതാണ് ഇവരുടെ ഈ പോരാട്ടം. എല്ലായിടത്തെയും പോലെ വന്യമൃശല്യം രൂക്ഷമായ സ്ഥലമാണ് വനത്താല്‍ ചുറ്റപെട്ട ഇവിടവും. എന്നാല്‍ ഇവിടുത്തെ കര്‍ഷകര്‍ തോറ്റുപിന്മാറാന്‍ തയ്യാറല്ല എന്നതിന്റെ തെളിവുകൂടിയാണ് ഇവിടുത്തെ മുപ്പതേക്കര്‍ നെല്‍പ്പാടം.
പകല്‍ കുറച്ചുപേര്‍, രാത്രി മറ്റൊരുകൂട്ടര്‍ എന്ന രീതിയിലാണ് കാവല്‍. എന്നിട്ടും കണ്ണുവെട്ടിച്ചെത്തുന്ന കാട്ടുപന്നികളും വെല്ലുവിളിച്ചെത്തുന്ന കാട്ടനയും ഇറങ്ങി ചിലഭാഗങ്ങളില്‍ കൃഷി നശിപ്പിച്ചിട്ടുണ്ട്്.
പൂര്‍വികര്‍ ചെയ്്തതുപോലെ വന്യമൃഗങ്ങളോട് പോരാടി തങ്ങളുടെ വിളകള്‍ സംരക്ഷിക്കുമെന്ന ദൃഢനിശ്ചയിത്തിലാണിവര്‍. അതിന്റെ ഫലമാണ് പച്ചവിരിച്ചുനില്‍ക്കുന്ന ഈ നെല്‍പ്പാടം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.