2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡും തുകയും ഗുജറാത്തിലെ ദലിത് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചേല്‍പ്പിച്ചു

ന്യൂഡല്‍ഹി: മേല്‍ജാതിക്കാരുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ദലിത് മാധ്യമപ്രവര്‍ത്തകന്‍ തനിക്കു ലഭിച്ച സംസ്ഥാന അവാര്‍ഡും തുകയും തിരിച്ചേല്‍പ്പിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുനില്‍ ജാദവാണ് വെള്ളിയാഴ്ച രാജ്‌കോട്ട് കലക്ടര്‍ വിക്രന്ത് പാണ്ഡ്യേക്കു തിരിച്ചേല്‍പ്പിച്ചത്.

2011ല്‍ ലഭിച്ച ‘മഹാത്മാ ജ്യോതിബാ ഫൂലേ’ പുരസ്‌കാരവും 25,000 രൂപയുമാണ് അദ്ദേഹം സവര്‍ണജാതിക്കാരുടെ അതിക്രമങ്ങളിലും അതിനോട് ഭരണകൂടം പുലര്‍ത്തുന്ന മൗനത്തിലും പ്രതിഷേധിച്ചു തിരികെയേല്‍പ്പിച്ചത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു കീഴിലുള്ള സാമൂഹിക നീതി വകുപ്പാണ് പുരസ്‌കാരം വിതരണം ചെയ്തിരുന്നത്. ദലിത് എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് സുനില്‍ ജാദവ് കലക്ടറേറ്റിലെത്തിയത്.

ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ നടപടിയിലുള്ള പ്രതിഷേധസൂചകമായി തന്റെ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് ഈ വര്‍ഷമാദ്യം തന്നെ സുനില്‍ ജാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ചകളില്‍ സഹാറന്‍പൂരില്‍ ദലിതുകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം കലക്ടര്‍ക്കു തന്റെ ബഹുമതികള്‍ തിരിച്ചേല്‍പ്പിച്ചത്. ഇന്ത്യ ഒരു സൂപ്പര്‍ ശക്തിയായി വളരാന്‍ ആഗ്രഹിക്കുമ്പോഴും ദലിതരെ 18ും 19ഉം നൂറ്റാണ്ടുകളിലെ അതേ സാഹചര്യത്തില്‍ തന്നെ തളച്ചിടുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും സുനില്‍ജാദവ് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ഉനയില്‍ ദലിത് യുവാക്കളെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ദലിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അമൃത് മകവാന പുരസ്‌കാരം തിരികെയേല്‍പ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.