2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അണ്‍ എയ്ഡഡ് മിനിമം വേതനം: കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി

 

തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ കടുത്ത തൊഴില്‍ ചൂഷണം അവസാനിപ്പിക്കുന്നതിനും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായി നിയമ നിര്‍മാണം നടത്തുന്നതിനുള്ള കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നിയമസഭയില്‍ എം. രാജഗോപാലന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
നിലവില്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകന് 7,000 രൂപയും എച്ച്.എസ്.എയ്ക്ക് 6,000 രൂപയും പ്രൈമറി ടീച്ചര്‍ക്ക് 5,000 രൂപയും ക്ലര്‍ക്കിന് 4,000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 3,500 രൂപയും മിനിമം വേതനം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ജീവനക്കാര്‍ക്കും അനധ്യാപകര്‍ക്കും സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളവും വ്യക്തമാക്കിയിട്ടുണ്ട്.
സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിച്ച് 2014ല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന സര്‍വിസിലെ സമാനമായ തസ്തികയില്‍ നല്‍കിവരുന്ന വേതനം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മിനിമം 10,000 രൂപ പ്രതിമാസം നല്‍കണമെന്നുമാണ്.
സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് കെ.കെ ദിനേശന്‍ ചെയര്‍മാനും ഡോ. കെ.കെ.എന്‍ കുറുപ്പ്, ഡോ. ആര്‍.വി.ജി മേനോന്‍ എന്നിവര്‍ അംഗങ്ങളുമായി കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിഷന്‍ നാലുമാസത്തിനുള്ളില്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഈ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.