2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അഡ്വ.നമശിവായം പക്ഷികളെ വീണ്ടുംവീണ്ടും പഠിക്കുകയാണ്

ലയ രാമകൃഷ്ണന്‍

 

പാലക്കാട്: പരിസ്ഥിതിയുടെ ആശ്രിതനായി ജീവിക്കുന്ന മനുഷ്യന്‍ പരിസ്ഥിതിക്കായി മാറ്റിവക്കുന്നത് ഒരു ദിനം മാത്രം. എന്നാല്‍ അതും പേരിനുമാത്രമുള്ള അവസ്ഥയാണ് ഇന്ന് കാണുന്നത്. എന്നാല്‍, അതില്‍ നിന്നൊക്കെ വ്യത്യസ്ഥനായി പ്രകൃതിയെ തൊട്ടറിഞ്ഞ് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ് ജീവിക്കുന്ന ഒരു ജീവിതമാണ് അഡ്വ.നമശിവായം. കോഴിക്കോട് ജന്മദേശമായ നമശിവായം പാലക്കാട്ടേക്ക് എത്തുന്നത് അത്യധികം അവിചാരിതമായാണ്. എന്നാല്‍ ഒരു അഭിഭാഷകനും കൂടിയായ ഇദ്ദേഹം ഇന്ന് പക്ഷിനിരീക്ഷണത്തിന്റെ പാതയിലാണ്. പക്ഷികളിലൂടെ, അവയുടെ ശബ്ദത്തിലൂടെ പരിസ്ഥിതിയെ കേട്ടറിഞ്ഞ് ജീവിക്കുകയാണ് ഇദ്ദേഹമിപ്പോള്‍. 1970കളില്‍ നീലകണ്ഠന്റെ ”കേരളത്തിലെ പക്ഷികള്‍” എന്ന പുസ്തകത്തില്‍ നിന്നും കിട്ടിയ സ്വാധീനമാണ് ഇദ്ദേഹത്തെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
തൊണ്ണൂറുകളില്‍ പാലക്കാട്ടേക്ക് ചേക്കേറിയ ഇദ്ദേഹം പക്ഷിനിരീക്ഷണ രംഗത്ത് മികച്ച സംഭാവനകളാണ് നല്‍കിയിരിക്കുന്നത്. മരുപക്ഷി, തങ്കതാറാവ്, ഡ്വാര്‍ഫ് കിങ് ഫിഷര്‍, ബ്ലൂ ഇയേര്‍ഡ് കിങ് ഫിഷര്‍, കടലുണ്ടി ആള, പട്ടവാലന്‍, വരവാലന്‍, കരണ്ടി കൊക്കന്‍, മണലൂരി തുടങ്ങി ഇരുപതോളം പുതിയ ഇനം പക്ഷികളെയാണ് നമശിവായം തന്റെ നിരീക്ഷണപാടവത്തിലൂടെ ബാഹ്യലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്.
2007ല്‍ കടലുണ്ടിയെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അഡ്വ. നമശിവായം ഉള്‍പ്പെടുന്ന ഒരു കൂട്ടം പ്രകൃതി സ്‌നേഹികളുടെയും പക്ഷി നിരീക്ഷകരുടെയും കഠിന പ്രയത്‌നം ഉണ്ടായിരുന്നു എന്നത് പാലക്കാട്ടുകാര്‍ക്ക് അഭിമാനിക്കാനുതകുന്ന കാര്യമാണ്. കടല്‍തീരത്തുള്ള പക്ഷികളെയാണ് അദ്ദേഹം കൂടുതലായും നിരീക്ഷണവിധേയമാക്കിയിരുന്നത്. ഇവിടെ കാണപ്പെടുന്ന പക്ഷിയിനങ്ങളില്‍ കൂടുതലും ദേശാടനപക്ഷികളാണെന്ന് ഇദ്ദേഹം പറയുന്നു.
ആദ്യകാലങ്ങളില്‍ പക്ഷികളുടെ ശബ്ദം തിരിച്ചറിഞ്ഞ് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കാടുകളിലൂടെ ഒരുപാട് യാത്രകള്‍ നടത്തിയും കാമറയില്‍ പക്ഷികളുടെ ചിത്രം പകര്‍ത്തിയും മറ്റുമാണ് പക്ഷിനിരീക്ഷണം നടത്തിയിരുന്നത്. എന്നാല്‍ സാങ്കേതിക വിപ്ലവം നടക്കുന്ന ഇന്നത്തെ ലോകത്തിനനുസരിച്ച് മാറി ചിന്തിക്കാനും അദ്ദേഹം മറന്നില്ല. ഇന്ന് പക്ഷികളെ അവയുടെ ശബ്ദത്തിലൂടെ തിരിച്ചറിയാന്‍ മികവുറ്റ സാങ്കേതിക ഉപകരണങ്ങളായ പാരബോള വിത്ത് മൈക്ക്, യൂണി ഡയറക്ഷണല്‍ ഷോട്ട് ഗണ്‍, തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് നമശിവായം പറയുന്നു.
ഇദ്ദേഹത്തിന്റെ കണ്ടെത്തലില്‍ പാലക്കാടന്‍ചുരം, ഭൂമിശാസ്ത്രപരമായി വിശിഷ്ടതകള്‍ ഏറെയുള്ള പ്രദേശമാണ്. എണ്ണമറ്റ ഒരുപാട് ജീവജാലങ്ങളുടെ കലവറയാണിത്. അതിലുമുപരി പാലക്കാടിന്റെ തെക്കു ഭാഗങ്ങളില്‍ കണ്ടുവരുന്ന പക്ഷികളുടെ വകഭേദങ്ങള്‍ മറ്റെവിടെയും കാണാന്‍ സാധിക്കില്ല എന്നും ഇദ്ദേഹം സമര്‍ത്ഥിക്കുന്നു.
വൈവിധ്യങ്ങളേറെയുള്ള പാലക്കാടിന്റ ജൈവ വൈവിധ്യം ഇന്ന് നാശത്തിന്റെ വക്കിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കരിമ്പകം, മരുപക്ഷി, മയില്‍ തുടങ്ങിയവയുടെ പാലക്കാട്ടിലുള്ള സാന്നിധ്യമാണ് ഇതിനുദാഹരണമായി അദ്ദേഹം പറയുന്നത്. അതായത് ഈ പക്ഷികളൊക്കെയും മരുപ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജസ്ഥാന്‍, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നും എത്തിയവയാണ്. ഇത് നമുക്ക് മനസ്സിലാക്കിതരുന്നത് പാലക്കാടിന്റെ ഭൂമി ശാസ്ത്രത്തിന്റെയും കാലാവസ്ഥയുടെയും ഘടനയില്‍ വന്ന വ്യതിയാനം കാലങ്ങളായി ഇവിടെ ജീവിച്ചിരുന്ന പക്ഷിഗണങ്ങളുടെ വംശനാശത്തിന് ഭീഷണിയായിട്ടുണ്ട് എന്ന അപ്രിയമായ വസ്തുതയാണ്.
അതുപോലെതന്നെ ഏറ്റവുമധികം ജലസ്രോതസ്സുകള്‍ മരുവത്കരിക്കപ്പെടുന്നതും പാലക്കാട് പ്രദേശങ്ങളിലാണ് എന്നതും ഇവിടെയുള്ള ജന്തു-ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്നതാണ്. കേരളത്തിന്റെ തെക്കു ഭാഗങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണപ്പെടുന്ന പക്ഷിയായ വെണ്‍മ്പകം പാലക്കാടിന്റെ നഗരമധ്യത്തില്‍ കാണപ്പെട്ടുവെന്നതും അവിശ്വസനീയമായ കാര്യമാണ്.
എന്നാല്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശം കൂടിയായ വാളയാര്‍ കാടുകളിലും മറ്റു സമീപ പ്രദേശങ്ങളിലും വര്‍ണ്ണകൊറ്റി, ചേരാകൊക്കന്‍, കഷണ്ടി കൊക്ക് തുടങ്ങിയവയുടെ സാന്നിധ്യം ഇവിടെയുള്ള ജലാശയങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് കരുതപ്പെടുന്നു.
സ്വാതന്ത്ര്യ സമരം കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത വലിയ സമരമായിരുന്നു 1976ലെ ‘സേവ് സൈലന്റ്‌വാലി സമരം’. രാജ്യത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നും പതിനായിര കണക്കിനാളുകളാണ് ഈ സമരത്തില്‍ പങ്കെടുത്തത്.തന്റെ 18-ാം വയസ്സിലാണ് നമശിവായം സേവ് സൈലന്റ്‌വാലി സമരത്തിന്റെ ഭാഗമാകുന്നത്. പ്രൊഫസര്‍ എം. കെ. പ്രസാദിന്റെയും പക്ഷിനിരീക്ഷണരംഗത്തെ പ്രമുഖനായ ഇന്ദുചൂഡന്റെയും കീഴില്‍ കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത്തിലെ ഇത്തരമൊരു വഴിത്തിരിവ്.
ഭാരതപ്പുഴയുടെ തീരങ്ങള്‍, മലമ്പുഴ, വാളയാര്‍ എന്നീ പ്രദേശങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹം നിരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നും രാവിലെ തന്റെ സാമഗ്രികളുമായി പക്ഷികളുമായി കൂട്ടുകൂടാന്‍ ഇവിടങ്ങളിലെത്തുക എന്നത് ഇദ്ദേഹത്തിന്റെ പതിവു രീതികളില്‍ പ്രധാനപ്പെട്ടതാണ്. പ്രകൃതിയോടും ജീവജാലങ്ങളോടും കൂട്ടുകൂടുന്ന കാര്യത്തില്‍ പിതാവിന്റെ പാത അര്‍പ്പണബോധത്തോടെ പിന്തുടരുന്ന വ്യക്തിത്വമാണ് മകള്‍ അപിതയുടേതും.അറിയപ്പെടുന്ന ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫറാണ് അപിത. എല്ലാത്തിനും പൂര്‍ണ്ണപിന്തുണയുമായി ഭാര്യ രാജേശ്വരിയും മകന്‍ കാര്‍ത്തികും കൂടെയുണ്ട്.
നിലവില്‍ ഇദ്ദേഹം ‘പാലക്കാട് ഗ്യാപ് നാച്ചുറല്‍ സൊസൈറ്റി’ യുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചുവരുകയാണ്. ഏകദേശം മുപ്പത്തഞ്ചു വര്‍ഷത്തിലധികമായി നമശിവായം പക്ഷിനിരീക്ഷണത്തിന്റെ പാതയില്‍ സജീവമായി നിലകൊള്ളുന്നു. ഇപ്പോള്‍ അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ബേര്‍ഡ് എന്ന സംഘടനയുടെ കീഴില്‍ പക്ഷികളുടെ ശബ്ദങ്ങളിലൂടെ വൈവിധ്യമാര്‍ന്ന പുതിയ ഇനം പക്ഷികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം.ശബ്ദത്തിലൂടെ പാലക്കാട് ചുരത്തിന് അപ്പുറത്തിനും ഇപ്പുറത്തും ഉള്ള പുതിയ ഇനം പക്ഷികളെ കണ്ടെത്താന്‍ കഴിയുമെന്ന് അഡ്വ.നമശിവായം പറയുന്നു. പക്ഷിനിരീക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ജീവിതം ആസ്വാദ്യകരമാക്കുന്ന ഇത്രയും വ്യത്യസ്ഥത നിറഞ്ഞ വ്യക്തിത്വംനാം ഓരോരുത്തര്‍ക്കും തികഞ്ഞൊരു മാതൃകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.