2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

അട്ടിമറിഞ്ഞ് മലേഗാവ്

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസ് അട്ടിമറിച്ച് എന്‍.ഐ.എ കുറ്റപത്രം. സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രധാന പ്രതികളെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി ഇന്നലെ മുംബൈ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രജ്ഞാസിങിനെ കൂടാതെ ശിവ്‌നാരായണ്‍ കല്‍സാങ്ക്ര, ശ്യാം സാഹു, പ്രവീണ്‍ തക്കാല്‍കി, ലോകേശ് ശര്‍മ്മ, ധാന്‍ സിങ് ചൗധരി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരെല്ലാം പ്രധാനപ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. പ്രതികള്‍ക്കെതിരേ കര്‍ശനവകുപ്പുകളുള്ള മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മക്കോക) ചുമത്താനാവില്ലെന്നും കുറ്റപത്രത്തിലുണ്ട്. കേസ് നേരത്തേ അന്വേഷിച്ച മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മക്കോക പ്രകാരം രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി ഇനി നിലനില്‍ക്കില്ലെന്നും പ്രതികളെ പീഡിപ്പിച്ചതിനാലാണ് മജിസ്‌ട്രേറ്റ് മുന്‍പാകെ കുറ്റസമ്മതം നടത്തിയതെന്നും എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. കേസിലെ അന്തിമകുറ്റപത്രമാണ് ഇന്നലെ സമര്‍പ്പിച്ചത്.

അതേസമയം, സ്‌ഫോടനത്തിന്റെ ആസൂത്രകരിലൊരാളായ കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ കുറ്റപത്രത്തില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. കേസ് എന്‍.ഐ.എ ഏറ്റെടുത്ത ശേഷം സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 14 പ്രതികളെ അതേപടി നിലനിര്‍ത്തിയിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. ഇതോടെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ തങ്ങള്‍ക്കെതിരേ മക്കോക ചുമത്തിയത് ചോദ്യംചെയ്ത് കേണല്‍ പുരോഹിതും പ്രജ്ഞാസിങും കോടതിയെ സമീപിച്ചത് അന്വേഷണം പിന്നെയും വൈകിപ്പിച്ചു. മക്കോക്ക പിന്‍വലിച്ചാലും നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമ (യു.എ.പി.എ) പ്രകാരം പ്രതികളെ വിചാരണ ചെയ്യാമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിരിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ വച്ചിരുന്ന ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്രജ്ഞാസിങ്ങിന്റേത് ആയിരുന്നുവെന്നും അവരാണ് സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരിയെന്നും എ.ടി.എസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം പുതിയ കുറ്റപത്രത്തില്‍ എന്‍.ഐ.എ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അവിനാശ് റസ്സല്‍ രാജിവയ്ക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്ര നാസിക് ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്റ്റംബര്‍ 26ന് നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്നയുടന്‍ തന്നെ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും നിരോധിത സംഘടനയായ സിമിയും ആണെന്നാരോപിച്ച് പ്രദേശത്തെ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) തലവനായി ഹേമന്ദ് കര്‍ക്കറെ ചുമതലയേറ്റതോടെയാണ് അന്വേഷണം ഹിന്ദുത്വരിലേക്ക് നീങ്ങുന്നത്. മലേഗാവ് കേസിലെ സംഘ്പരിവാര്‍ ബന്ധം പുറത്തുവന്നതിനു പിന്നാലെയാണ് സംഝോത എക്‌സ്പ്രസ്, അജ്മീര്‍, ഹൈദരാബാദിലെ മക്കാമസ്ജിദ്, നന്ദേഡ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്കുപിന്നിലും സംഘ്പരിവാറാണെന്ന് പുറത്തുവന്നത്. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുകയായിരുന്നു. അതോടെ കേസന്വേഷണ പുരോഗതിയും നിലച്ചു.

കേസില്‍ ഇപ്പോള്‍ ഒഴിവാക്കപ്പെട്ടവരുള്‍പ്പെടെ 14 പേരെയാണ് എ.ടി.എസ് അറസ്റ്റുചെയ്തിരുന്നത്. കേണല്‍ പുരോഹിത്, രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി, രാകേശ് ദവാദേ, ജഗദീഷ് മാത്രെ, സുധാകര്‍ ദിവേദി എന്ന ദയാനന്ദ് പാണ്ഡെ, അജയ് ആര്‍. രഹിര്‍കാര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ബോംബ് നിര്‍മാണ വിദഗ്ധരായ രാമചന്ദ്ര കല്‍സാങ്ക്ര, സന്ദീപ് ദാംഗെ എന്നീ പ്രതികള്‍ ഒളിവിലാണ്.
മലേഗാവ് കേസിലെ മിക്ക പ്രതികള്‍ക്കും അജ്മീര്‍, മക്കാമസ്ജിദ്, സംഝോത, നന്ദേഡ് തുടങ്ങിയ സ്‌ഫോടനങ്ങളിലും പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 2006 സെപ്റ്റംബര്‍ എട്ടിന് നടന്ന ഒന്നാം മലേഗാവ് സ്‌ഫോടനത്തിനു പിന്നിലും ഇതേ സംഘമാണ് പ്രവര്‍ത്തിച്ചിരുന്നത്. 37 പേരുടെ മരണത്തിനിടയാക്കിയ ഈ കേസിലും മുസ്‌ലിംയുവാക്കളാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലേഗാവ് കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി മുന്‍ പബ്ലിക് പ്രോസികൂട്ടര്‍ രോഹിണിസല്യാന്‍ കഴിഞ്ഞ ജൂണില്‍ ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.