2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

അട്ടക്കുളങ്ങരയില്‍ മാലിന്യം കുന്നുകൂടുന്നു; സംസ്‌കരണ പദ്ധതികള്‍ കടലാസില്‍

മനു റഹ്മാന്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യത്തിനെതിരേ നാട്ടുകാര്‍ പ്രതികരിച്ചതോടെ നഗരത്തിലെ മാലിന്യം പലയിടങ്ങളിലായി കുന്നുകൂട്ടുകയാണ്.  ആറ്റുകാല്‍ പൊങ്കാല മഹേത്സവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വിളിപ്പാടകലെ ആയിരക്കണക്കിന് മെട്രിക് ടണ്‍ നഗരമാലിന്യം യാതൊരു സംസ്‌കരണ നടപടികളും സ്വീകരിക്കാതെ അട്ടക്കുളങ്ങര എരുമക്കുഴിയിലെ ശേഖരണ കേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. 25 ലക്ഷത്തിലധികം പേര്‍ ഈ വര്‍ഷം പൊങ്കാലക്കായി നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്. പൊങ്കാല മഹോത്സവത്തിന് 12നാണ് കൊടിയേറുക. 20നാണ് ലോക പ്രസിദ്ധമായ പൊങ്കാല. നഗരം ഭക്തജനങ്ങളാല്‍ തിങ്ങിനിറയുന്ന ദിനം. ഇപ്പോഴേ ഈ വഴികളിലെല്ലാം കലം വില്‍പനക്കാര്‍ നിരന്നു കഴിഞ്ഞിട്ടുണ്ട്. മാലിന്യ സംഭരണവും സംസ്‌കരണവും അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഈ സമയത്തും തിരുവനന്തപുരം കോര്‍പറേഷന്‍ ഉറക്കമുണര്‍ന്നിട്ടില്ല.  നഗരസഭയുടെ മെല്ലെപ്പോക്ക് മൂലം നഗരത്തെ മാലിന്യക്കൂമ്പാരമാക്കുന്നതിനെതിരേ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ശക്തമായിട്ടും അധികൃതര്‍ക്ക് കേട്ട ഭാവമില്ല. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ പോലും മൂക്കു പൊത്താതെ നടക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം വന്നിട്ടും നഗരത്തിലെ മാലിന്യത്തിന് കുറവില്ലെന്നതാണ് ഏറെ വിചിത്രം. നഗരത്തിലെ മിക്ക ഇടങ്ങളിലും മാലിന്യം നിറഞ്ഞുകവിഞ്ഞ് നീക്കം ചെയ്യാതെ കിടക്കുന്നത് നിത്യകാഴ്ചയായിരിക്കുകയാണ്. ആളൊഴിഞ്ഞ പറമ്പുകളിലും പെട്ടെന്ന് നോട്ടമെത്താത്ത റോഡരികിലുമെല്ലാം ജനങ്ങള്‍ മാലിന്യം തള്ളാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സംസ്‌കരണം പൂര്‍ത്തീകരിക്കാന്‍ പുതിയ ഏജന്‍സിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിക്കുന്നതിലെ കാലതാമസം മൂലം നഗരസഭ ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മാറ്റാനാകാതെ നിരവധി കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നതും നിലവിലെ ചിത്രം തന്നെ.  ഇറച്ചിക്കടകളില്‍നിന്ന് നീക്കംചെയ്യുന്ന മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജലസ്രോതസുകളില്‍ നിര്‍ബാധം തള്ളുന്ന പ്രവണതയും നഗരവാസികളുടെ ആരോഗ്യത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് മുന്നില്‍ നഗരസഭയും ഭരണത്തിന് നേതൃത്വം നല്‍കുന്നവരും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. നഗരത്തില്‍ നിരവധി അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതിനും നഗരസഭയുടെ ലൈസന്‍സില്ല.
കോഴി, മാട് തുടങ്ങിയവ വെട്ടുന്നതിന് നഗരസഭക്ക് ശുചിത്വം ഉറപ്പാക്കുന്ന യാതൊരു സംവിധാനവുമില്ലെന്നതും സത്യം. മാലിന്യങ്ങളാല്‍ എലി ശല്യം വര്‍ധിച്ചതിനൊപ്പം തെരുവുപട്ടികളും ജനജീവിതത്തിന് ഭീഷണിയാകുന്ന സ്ഥിതിയാണുള്ളത്. കൊതുക് ശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അട്ടക്കുളങ്ങരയിലെ മാലിന്യം അനുദിനം കുന്നുകൂടുന്നതും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയുടെ മേല്‍നോട്ടത്തില്‍ നേരിട്ടു നടത്തുന്ന മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരസഭയും സര്‍ക്കാരും ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ച് ആവര്‍ത്തിച്ച് പറയുകയും അതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുമ്പോഴും ജനത്തിന് ആശ്വാസം അകലെയായിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.