2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

അടുത്ത വര്‍ഷം തട്ടിക്കൂട്ട് പദ്ധതികള്‍ വേണ്ട

തദ്ദേശ സ്ഥാപനങ്ങള്‍ 2018-19 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31 ന് മുന്‍പ് തയാറാക്കണം നാളെ മുതല്‍ ഗ്രാമസഭകള്‍ ചേരണം

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി 50 ശതമാനം കടക്കുന്നതിന് മുന്‍പ് തന്നെ 2018-19 ലെ പ്രാദേശിക പദ്ധതികള്‍ മാര്‍ച്ച് 31 ന് മുന്‍പ് തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പദ്ധതി തയാറാക്കാന്‍ 8 മാസവും നടപ്പാക്കാന്‍ അവസാനത്തെ നാല് മാസവും എന്ന തദ്ദേശ സ്ഥാപനങ്ങളുടെ പതിവ് രീതിക്കാണ് സര്‍ക്കാര്‍ കടിഞ്ഞാണിട്ടത്. മാര്‍ച്ച് 31ന് മുന്‍പ് പദ്ധതികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നിന് നിര്‍വഹണം ആരംഭിക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് ഈ മാസം 14 മുതല്‍ 25 വരെയുള്ള തിയതികളില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഗ്രാമസഭകള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
70,00 കോടി രൂപയാണ് ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചത്. ഇതിനു പുറമെ മറ്റു സ്രോതസുകളില്‍ നിന്ന് ലഭ്യമാകുന്ന വിഹിതം കൂടി ചേര്‍ത്ത് 15,000 കോടിയിലധികം രൂപയുടെ പ്രാദേശിക പദ്ധതികള്‍ തയാറാക്കാനാണ് നിര്‍ദേശം. 2018 – 19 ലെ പ്രാദേശിക പദ്ധതികള്‍ നടപ്പാക്കാന്‍ ഒരു വര്‍ഷം പൂര്‍ണമായും ലഭ്യമാകുമെന്നതാണ് നേട്ടം. നടപ്പുവര്‍ഷത്തെ പദ്ധതികള്‍ കഴിഞ്ഞ ജൂണ്‍ 15 ന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചതിനാല്‍ നിര്‍വഹണത്തിന് അടുത്ത മാര്‍ച്ചിനുള്ളില്‍ ഒന്‍പതു മാസത്തിലേറെ സമയമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ 45 ശതമാനത്തോളം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനായിട്ടുണ്ട്. ഇതിനിടയില്‍ ജി. എസ്.ടി കാരണം ഉണ്ടായ ചില ആശങ്കകള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ പുറകോട്ടടിച്ചത് മാത്രമാണ് താളപ്പിഴയായത്. എന്നാല്‍ വര്‍ഷങ്ങളായി പദ്ധതികള്‍ മാര്‍ച്ച് മാസത്തില്‍ ഒറ്റയടിക്ക് നടപ്പിലാക്കി വ്യാപക ക്രമക്കേടുകള്‍ക്ക് കളമൊരുക്കുകയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. ഇതിനാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണമായും തടയിടുന്നത്.
അതിനിടെ 2017 -18 വാര്‍ഷിക പദ്ധതി ഭേദഗതിക്കുള്ള സമയം നിബന്ധനകള്‍ക്ക് വിധേയമായി ഈ മാസം 24 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നേരത്തെ ജനുവരി 31 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. എന്നിട്ടും സംസ്ഥാനത്തെ ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍ ഭേദഗതി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചതോടെയാണ് 24 വരെ ദീര്‍ഘിപ്പിച്ചത്. ഭേദഗതി പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് ഇതിനകം സമര്‍പ്പിക്കണം.
തദ്ദേശ സ്ഥാപനങ്ങള്‍ 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ 45.09 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. ഇതില്‍ ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് 51.54 ശതമാനത്തിലെത്തി പാതിപിന്നിട്ടത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 45.94 ശതമാനവും, നഗരസഭകള്‍ 43.56 ശതമാനവും, കോര്‍പ്പറേഷനുകള്‍ 36.95 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 28.11 ശതമാനവുമാണ് പൂര്‍ത്തിയാക്കിയത്.

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.