2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

അടുത്ത പ്രതിസന്ധി മുദ്ര വായ്പ; മുന്നറിയിപ്പുമായി രഘുറാം രാജന്‍

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധി മുദ്ര വായ്പയുടെ കാര്യത്തിലായിരിക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയത്.
അസംഘടിത മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായ സംരംഭങ്ങള്‍ക്കും നല്‍കുന്ന വായ്പയാണ് മുദ്ര. 2015ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്രാ യോജന(പി.എം.എം.വൈ) ആരംഭിച്ചത്.
നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വലിയതോതില്‍ വായ്പകള്‍ നല്‍കുന്നതില്‍ നിന്നും വായ്പകള്‍ എഴുതി തള്ളിന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മുദ്ര വായ്പയെന്ന പോലെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡും കൂടുതല്‍ ജനകീയമാണെങ്കിലും തിരിച്ചടവിന്റെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷമമായി നിരീക്ഷിക്കണമെന്നും രഘുറാം രാജന്‍ വ്യക്തമാക്കുന്നു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിക്കപ്പെട്ടിരുന്ന വായ്പാ മേളകളെപോലെയല്ല പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി. ഇത് ജനങ്ങള്‍ക്ക് വലിയ സഹായകരമാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ ചെറുകിട സംരംഭകരാക്കുന്നതിനും വലിയ പ്രോത്സാഹനം നല്‍കുന്നതാണ് മുദ്ര ലോണ്‍. എന്നാല്‍ ഇതിന്റെ ഭാഗമായുണ്ടാകുന്ന തിരിച്ചടവിന് വേണ്ട രീതിയിലുള്ള നടപടികളില്ലാത്തത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്കായിരിക്കും എത്തിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.