2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക ടീം

കോഴിക്കോട്: ജില്ലയില്‍ ദുരന്തനിവാരണത്തിന് പ്രത്യേക ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഏഴു മേഖലകളായി തിരിച്ച് ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ടീമാണ് ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുക.
വടകരയില്‍ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോടും ഒന്നു വീതവും താമരശ്ശേരിയില്‍ മൂന്നും മേഖലകളായി തിരിച്ചാണു പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍.ഡി.ഒ അബ്ദുറഹ്മാന്‍ (വടകര ഒന്ന്), എ.ഡി.എം ടി. ജനില്‍കുമാര്‍ ( വടകര രണ്ട്), ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ്) സജീവ് ദാമോദര്‍ (കൊയിലാണ്ടി), ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ഷാമിന്‍ സെബാസ്റ്റ്യന്‍ (കോഴിക്കോട്), അസി. കലക്ടര്‍ എസ്. അഞ്ജു (താമരശ്ശേരി ഒന്ന്), ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) റോഷ്‌നി നാരായണന്‍ (താമരശ്ശേരി രണ്ട്), ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ. ഹിമ (താമരശ്ശേരി മൂന്ന്) എന്നിവര്‍ നേതൃത്വം നല്‍കും.
പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശം നല്‍കി. കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമുണ്ടായ കണ്ണപ്പന്‍കുണ്ടിലും മറിപ്പുഴയിലും സേനാംഗങ്ങളുടെ സഹായത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.
അപകടാവസ്ഥയിലുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത്, ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവധിദിവസമായ 11, 12 (രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും) റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റു വകുപ്പുകളുടെ ഓഫിസുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കണമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക തടസമുണ്ടാകില്ലെന്നും അടിയന്തര സാഹചര്യത്തില്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.