2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Editorial

അടിയന്തരാവസ്ഥയ്ക്ക് അരികെ രാജ്യം


രാജ്യം വീണ്ടുമൊരു അടിയന്തരാവസ്ഥയ്ക്ക് അരികെയാണെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതിറോയ് കഴിഞ്ഞ ദിവസമാണു പറഞ്ഞത്. മാവോയിസ്റ്റ് ബന്ധമാരോപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയും ദലിത് ചിന്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമായ വരവരറാവു, അരുണ്‍ ഫെറേറ, ഗൗതെനാവലാഖ, സുധ ഭരദ്വാജ് എന്നിവരെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അവരില്‍നിന്ന് ഉത്തരമൊരു പ്രതികരണമുണ്ടായത്. സെര്‍ച്ച് വാറന്റില്ലാതെ വീടുകളില്‍ റെയ്ഡും വാറന്റില്ലാതെ അറസ്റ്റും നടത്തിയ പൊലിസ് നടപടി ഇതിനകം രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടനല്‍കിയിരിക്കുന്നത്.

രാജ്യത്തു നിലവിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ രൗദ്രഭാവം കാട്ടിത്തുടങ്ങിയിരിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലഴികള്‍ക്കുള്ളില്‍ തള്ളുന്ന മോദിസര്‍ക്കാര്‍ നടപടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നോ വധിക്കാന്‍ പുറപ്പെട്ടുവെന്നോ ഉള്ള സ്ഥിരം പല്ലവി ആവര്‍ത്തിച്ചാണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയതാണ് ഈ അസംബന്ധ നാടകം. ഇസ്രത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും പ്രാണേഷ്‌കുമാറും സംഘവും നരേന്ദ്രമോദിയെ വധിക്കാന്‍ ഗുജറാത്തില്‍ എത്തിയെന്നാരോപിച്ചാണ് അവരെ നിഷ്‌കരുണം വെടിവച്ചുകൊല്ലാന്‍ അന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ ഉത്തരവിട്ടത്. അവര്‍ നരേന്ദ്രമോദിയെ വധിക്കാന്‍ വന്നവരായിരുന്നോ എന്നതു സംബന്ധിച്ച് ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല.
ദലിത്, ആദിവാസി, പിന്നോക്ക, മുസ്‌ലിം, ഗോത്രസമൂഹത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ മാവോയിസ്റ്റുകളായും തീവ്രവാദികളായും മുദ്രകുത്തി അറസ്റ്റ് ചെയ്തു തുറുങ്കിലിടുന്നത് ആര്‍.എസ്.എസിനെതിരേ മറുശബ്ദം പാടില്ലെന്ന ഭരണ വര്‍ഗ ശാഠ്യത്താലാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഇതുപോലുള്ള പല പരിപാടികളും ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ടാകും. വരവര റാവു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്.
ഈ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലിസ് തുടക്കത്തില്‍ പറഞ്ഞതു മാവോയിസ്റ്റ് ബന്ധമായിരുന്നു. പിന്നീടാണു നരേന്ദ്രമോദിയെ വധിക്കാനെന്ന പല്ലവി മഹാരാഷ്ട്ര പൊലിസ് സുപ്രിംകോടതിയില്‍ ആവര്‍ത്തിച്ചത്. അതിന് ഉപോല്‍ ബലകമായ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് അറസ്റ്റ് ചെയ്തവരെയെല്ലാം വീട്ടുതടങ്കലില്‍ വയ്ക്കാനും അടുത്തമാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കുറ്റം തെളിയിക്കുന്നതിനാവശ്യമായ വസ്തുത സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടത്.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാവാല്‍വാണെന്നും അതനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്നുമുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. കഴിഞ്ഞ ജനുവരിയില്‍ പൂനെയില്‍ നടന്ന ഭീമ-കൊറേഗാവ് യുദ്ധസ്മരണയുടെ വാര്‍ഷികാചരണം ബി.ജെ.പിയിലെ സവര്‍ണ ഫാസിസ്റ്റുകളെ പിടിച്ചുലയ്ക്കുന്നതായിരുന്നു. 1817 ല്‍ മറാത്താ സവര്‍ണര്‍ക്കെതിരേ ദലിതുകള്‍ ബ്രിട്ടിഷ് സഹായത്തോടെ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഉജ്വലവിജയം അനുസ്മരിക്കുന്ന ആ ചടങ്ങ് ബി.ജെ.പിയിലെ സവര്‍ണഫാസിസ്റ്റുകള്‍ക്കു സഹിക്കാനാവില്ല.
ഇത്തരം വാര്‍ഷികാചാരണങ്ങളിലൂടെ ദലിതുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും അവരുടെ ജാഗരണവുമാണു സംഭവിക്കുകയെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് അവരെ അത്തരം സംരംഭങ്ങള്‍ക്കു തയാറാക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഈ യുദ്ധത്തിന്റെ ഓര്‍മ പുതുക്കാന്‍ പൂനെയില്‍ ചേര്‍ന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നുഴഞ്ഞുകയറി സവര്‍ണ്ണ ഫാസിസ്റ്റുകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ദലിത് നേതാക്കള്‍ ആരോപിക്കുന്നു. അതിനു കൃത്യമായ മറുപടി ഇത് വരെ ഉണ്ടായിട്ടില്ല.
ആര്‍.എസ്.എസ് ഒഴികെ മറ്റൊരു സംഘടനയും രാജ്യത്തു വേണ്ടെന്ന ഫാസിസ്റ്റ് ചിന്ത പ്രാവര്‍ത്തികമാക്കാന്‍ എതിരഭിപ്രായം പറയുന്നവരെയെല്ലാം നരേന്ദ്രമോദിയെ കൊല്ലുവാന്‍ പദ്ധതി തയാറാക്കുന്നവരായി ചിത്രീകരിക്കുകയാണ്. അവരെ രാജ്യദ്രോഹികളായും കുറ്റവാളികളായും മുദ്രകുത്തി ജയിലിലടക്കുന്നു. ദലിത് ആദിവാസി മുസ്‌ലിം ഗോത്രവിഭാഗങ്ങളെ ലക്ഷ്യംവച്ച് നീങ്ങുന്ന ബി.ജെ.പി സര്‍ക്കാര്‍ അതിന്‌വേണ്ട കാരണങ്ങള്‍ മെനഞ്ഞെടുക്കുകയാണ്. അതാണിപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ.
ഇതു പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലക്കു തീര്‍ത്തിരിക്കുന്നു. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥയാണിപ്പോള്‍ ഇന്ത്യയിലുള്ളതെന്നും ജനാധിപത്യത്തെ അവര്‍ കശാപ്പു ചെയ്തുകഴിഞ്ഞുവെന്നും പാര്‍ലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മിഷന്‍, റിസര്‍വ് ബാങ്ക്, മീഡിയ എല്ലാറ്റിനെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കി കഴിഞ്ഞുവെന്നും ആരോപിച്ചത് ബി.ജെ.പി നേതാവും വാജ്‌പേയി മന്ത്രിസഭയില്‍ വിദേശ-ധനകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയാണ്.
രണ്ടുവര്‍ഷം മുമ്പ് അടിയന്തരാവസ്ഥയുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ അദ്വാനി പറഞ്ഞത് രാജ്യത്ത് ഇനിയുമൊരു അടിയന്തരാവസ്ഥ ഉണ്ടായിക്കൂടെന്നില്ലെന്നായിരുന്നു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹം അന്ന് ആ പ്രവചനം നടത്തിയത്. ആ വാക്കുകള്‍ പുലരുകയാണോ എന്നു കരുതേണ്ടിയിരിക്കുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.