2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മിരിലെ അനന്ത്‌നാഗ് ജില്ലയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുസൈനികര്‍ വീരമൃത്യു വരിച്ചു.

ഏറ്റുമുട്ടലിനിടയില്‍ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. പരുക്കേറ്റ മൂന്ന് ജവാന്മാരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പരസ്പരമുള്ള വെടിവയ്പില്‍ അനന്ത്‌നാഗ് പൊലിസ് സ്റ്റേഷന്‍ ഓഫിസര്‍ അര്‍ഷാദ് അഹമ്മദിനും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായും പൊലിസ് അറിയിച്ചു.
രണ്ട് ഭീകരരാണ് സി.ആര്‍.പി.എഫിനെതിരേ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവരില്‍ ഒരാളെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ ഇന്നലെ വൈകിയും തുടരുകയാണ്. അനന്ത്‌നാഗ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെ.പി ചൗക്ക് റോഡിലായിരുന്നു ആക്രമണമെന്ന് സി.ആര്‍.പി.എഫ് വക്താവ് അറിയിച്ചു.

പുല്‍വാമ ജില്ലയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ അനന്ത്‌നാഗിലുണ്ടായത്. സി.ആര്‍.പി.എഫ് ജവാന്‍മാരുടെ പട്രോളിങ് സംഘത്തിനു നേരെ യന്ത്രത്തോക്കുകളും ഗ്രനേഡും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കെതിരേ ശക്തമായ പ്രത്യാക്രമണമാണ് സൈന്യം നടത്തുന്നത്. അല്‍ ഉമര്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ്‌ചെയ്തു.
അതേസമയം, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ ജമ്മുകശ്മിര്‍ ആസ്ഥാനമായി പുതിയ വിഘടന വാദ ഗ്രൂപ്പ് രൂപീകരിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്നലത്തെ ഭീകരാക്രമണം. ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ ലഷ്‌കറെ ത്വയ്ബയുള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.
കശ്മിരില്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്ന നടപടി എന്‍.ഐ.എ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തുടങ്ങിയവ കണ്ടെത്തി തടഞ്ഞിരുന്നു. ഇതിനിടെയാണ് ഐ.എസ്.ഐയുടെ പുതിയ നീക്കവും ആക്രമണവും ഉണ്ടായിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News