2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അഞ്ച് വര്‍ഷംകൊണ്ട് കമ്മിഷന്‍ ചെയ്തത് 60.1 മെഗാവാട്ട് വൈദ്യുതി മാത്രം

കഴിഞ്ഞ പ്രകടനപത്രികയിലെ വാഗ്ദാനം 3000 മെഗാവാട്ട് വൈദ്യുതി  

ബാസിത് ഹസന്‍

തൊടുപുഴ: 3000 മെഗാവാട്ട് വൈദ്യുതി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കമ്മിഷന്‍ ചെയ്തത് 60.1 മെഗാവാട്ടിന്റെ പദ്ധതികള്‍ മാത്രം. അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്.
ലക്ഷ്യമിട്ട പദ്ധതികളില്‍ ഭൂരിഭാഗവും തുടങ്ങിവെയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തുടങ്ങിവെച്ചവയില്‍ തന്നെ പലതും നിര്‍മാണം നിലച്ചു. ബാക്കിയുള്ളവ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയുമാണ്. പൊരിങ്ങല്‍കുത്ത് (24 മെഗാവാട്ട്), ഭൂതത്താന്‍കെട്ട് (24 മെഗാവാട്ട്), വെള്ളത്തൂവല്‍ (3.6 മെഗാവാട്ട്), ചിമ്മിനി (2.5 മെഗാവാട്ട്), പെരുന്തേനരുവി (6 മെഗാവാട്ട്) എന്നിവയാണ് 2011 മാര്‍ച്ച് 31 മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കമ്മിഷന്‍ ചെയ്ത പദ്ധതികള്‍.
സംസ്ഥാനത്തിന്റെ സ്ഥാപിത വൈദ്യുതി ഉത്പാദനശേഷി അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 2867 മെഗാവാട്ടാണ് നിലവില്‍ സംസ്ഥാനത്തിന്റെ സ്ഥാപിതശേഷി.
വൈദ്യുതി വാഗ്ദാനങ്ങളെല്ലാം ഇരുട്ടിലായെന്നുമാത്രമല്ല പള്ളിവാസല്‍ വിപുലീകരണം (60 മെഗാവാട്ട്), തൊട്ടിയാര്‍ (40 മെഗാവാട്ട്) പോലുള്ള വന്‍ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഈ പദ്ധതികളുടെ നിര്‍മാണക്കരാറുകാരെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി.
അതേസമയം കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ 2006 – 11 കാലത്ത് 172.35 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ കമ്മിഷന്‍ ചെയ്യാനായി. ഈ കാലയളവില്‍ 52.85 മെഗാവാട്ട് വൈദ്യുതി സ്വകാര്യ മേഖലയിലും തുടക്കം കുറിച്ചു.
500 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷനല്‍ എക്‌സറ്റന്‍ഷന്‍, ശബരിഗിരി നവീകരണ പദ്ധതി (35 മെഗാവാട്ട്), നേര്യമംഗലം എക്‌സ്റ്റെന്‍ഷന്‍ (25), ലോവര്‍ മീന്‍മുട്ടി (3.5), നേര്യമംഗലം നവീകരണ പദ്ധതി (5.1), കുറ്റ്യാടി ടെയില്‍ റേസ് (3.75) എന്നിവയാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കമ്മിഷന്‍ ചെയ്ത പദ്ധതികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തുടക്കംകുറിച്ച പദ്ധതികളെല്ലാം ചെറുകിട പദ്ധതികളാണ്.
പൊരിങ്ങല്‍കുത്ത് (132.71 കോടി), ഭൂതത്താന്‍കെട്ട് (181.61 കോടി), വെള്ളത്തൂവല്‍ (33.75 കോടി), ചിമ്മിനി (14.58 കോടി), പെരുന്തേനരുവി (67.94 കോടി) എന്നിങ്ങനെയാണ് നിര്‍മാണച്ചെലവ്. പൊരിങ്ങല്‍കുത്ത്, ശബരിഗിരി പുനരുദ്ധാരണത്തിലൂടെ ഏഴ് മെഗാവാട്ട് അധികം ലഭിച്ചതായി കെ.എസ്.ഇ.ബി അവകാശപ്പെടുന്നുണ്ട്.
നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍ പദ്ധതിയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. 74 ശതമാനം പണികള്‍ പൂര്‍ത്തിയായ പദ്ധതിയുടെ കരാറുകാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
പദ്ധതിയില്‍ വന്ന വീഴ്ച ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ സി.വി നന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സര്‍ക്കാര്‍ ഉത്തരവിലെ അപാകത പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
രണ്ട് ചീഫ് എന്‍ജിനീയര്‍മാരും ഫിനാന്‍സ് അഡൈ്വസറും പങ്കെടുത്ത യോഗത്തില്‍ മിനിട്‌സില്‍ ഒപ്പിടാന്‍ പോലും ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. തൊട്ടിയാര്‍, ചാത്തംകോട്ട്‌നട പദ്ധതികളുടേയും കരാറുകാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
മാങ്കുളം പദ്ധതി ഭൂമിപ്രശ്‌നത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. പാമ്പാര്‍ പദ്ധതിയാണെങ്കില്‍ ക്യാബിനറ്റ് അംഗീകാരത്തില്‍ ഒതുങ്ങി. ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിയുടെ ജോലികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഡാമും പവര്‍ ഹൗസും ഇല്ലാതെ ശേഷികൂട്ടുന്നതിലൂടെ മാത്രം 85 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് അധികം ലഭിക്കുന്ന പദ്ധതിയാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.