2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അഞ്ചിനു ശേഷം ശ്രദ്ധയോടെ

കുട്ടി പറയുന്ന കാര്യങ്ങള്‍ ഉത്സാഹത്തോടെ കേള്‍ക്കാനുള്ള താത്പര്യം കാണിക്കണം. അവരെ തടയരുത്.

ഡോക്ടര്‍ ഡയാന പത്രോസ് വിവിന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

അഞ്ചു വയസുമുതല്‍ പത്ത് വയസുവരെയുള്ള കുട്ടികളില്‍ കാണുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഭയപ്പെടേണ്ടതും. ഈ സമയം മാതാപിതാക്കള്‍ കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ അറിയാന്‍ ആകാംക്ഷ കാണിക്കണം. സ്‌കൂളില്‍ നിന്നും വരുമ്പോള്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയണം. സ്‌കൂളില്‍ നിന്ന് ക്ഷീണിതനായി വരുന്ന കുട്ടികള്‍ക്ക് വീട്ടില്‍ റിലാക്‌സ് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മാതാപിതാക്കള്‍ Yes or No ഉത്തരങ്ങള്‍ കിട്ടുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണം. വിശ്രമം കുട്ടികള്‍ക്ക് അത്യാവശ്യമാണ്.

കുട്ടി പറയുന്ന കാര്യങ്ങള്‍ ഉത്സാഹത്തോടെ കേള്‍ക്കാനുള്ള താത്പര്യം കാണിക്കണം. അവരെ തടയരുത്. പറയുന്നത് പൂര്‍ണമായും അവരുടെ കണ്ണുകളില്‍ നോക്കി ശ്രദ്ധിച്ചു കേള്‍ക്കുക. അവരുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും പ്രധാനമാണ്. ഒരുപക്ഷേ വാക്കുകളിലുള്ള അവരുടെ സ്വാധീനക്കുറവോ പക്വതക്കുറവോ അവര്‍ മറികടക്കുന്നത് ഇത്തരം ആംഗ്യങ്ങളിലൂടെയോ മുഖഭാവങ്ങളിലൂടെയോ ആയിരിക്കും.
കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് ഒരു വ്യക്തിത്വമുണ്ട്. നമ്മുടെ പൂര്‍ണമായ ശ്രദ്ധ അവര്‍ക്ക് കൊടുക്കേണ്ടതാണ്. ടി.വി കണ്ടുകൊണ്ടോ പത്രം വായിച്ചുകൊണ്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടോ മറ്റു ജോലി ചെയ്തുകൊണ്ടോ കുട്ടികളുടെ ആവലാതികളും ഭാവനകളും ശ്രദ്ധിക്കരുത്. ചെയ്യുന്ന പ്രവൃത്തി നിര്‍ത്തിയതിനു ശേഷം അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. പെട്ടെന്ന് നിറുത്താന്‍ പറ്റാത്ത പ്രവൃത്തിയാണെങ്കില്‍ ”ഞാനിതൊന്ന് ചെയ്തു കഴിയട്ടെ, എന്നിട്ടു വരാം” എന്നു പറയുക. ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.

ഉപദേശങ്ങളോ മുന്‍വിധികളോ കൂടാതെ കുഞ്ഞിന്റെ പ്രായം, അനുഭാവം, ആവശ്യങ്ങള്‍ എന്നിവ മനസിലാക്കി വേണം ഇടപെടാന്‍.

എന്നിട്ടെന്തുണ്ടായി ? അപ്പോള്‍ നീ എന്തു ചെയ്തു ? എന്തിനാ അവനെ ചെയ്തത് ? മനസ്സിലായി, ഓ! അങ്ങിനെയാണോ എന്നിങ്ങനെയുള്ള വാക്കുകള്‍ പറയുക. കുഞ്ഞിന്റെ മുഖത്ത് മിന്നിമറയുന്ന വികാരങ്ങളോടും നമ്മുടെ മുഖഭാവങ്ങള്‍ കൊണ്ട് പ്രതികരിക്കുക. കുഞ്ഞിനോട് ചേര്‍ന്നിരിക്കാം. പറ്റുമെങ്കില്‍ തോളില്‍ പിടിക്കുകയോ ചെറുതായി തട്ടുകയോ ചെയ്യാം. നല്ലതാണെങ്കിലും അത്ര നല്ലതല്ലെങ്കിലും കുഞ്ഞ് പറയാനുള്ളതെല്ലാം പറയട്ടെ.

കുഞ്ഞിന്റെ വികാരത്തിന് ഒരു പേരു കൊടുക്കാം, ”ഓ! അത് അതിശയകരമായിരിക്കുന്നു”, ”കഷ്ടമായിപ്പോയി”, ”സാരമില്ല, മോന് സങ്കടം വരുന്നുണ്ടോ”?, ”ആരോടാ കുഞ്ഞിന് ദേഷ്യം?” തുടങ്ങിയ രീതികളില്‍ കുഞ്ഞിന്റെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു എന്നു പറയുക. പ്രായം കുറഞ്ഞ കുഞ്ഞുങ്ങളാണെങ്കില്‍ ഭാവനയില്‍ തന്നെ പല പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കാം. പലപ്പോഴും പ്രായം കണക്കാക്കാതെ തന്നെ എങ്ങിനെയാണ് ഇത് പരിഹരിക്കുക എന്ന് കുഞ്ഞിനോട് തന്നെ ചോദിക്കാം.

വാശി പിടിച്ചാല്‍

ഈ സമയത്താണ് കോപം കൂടാതെയുള്ള കാര്‍ക്കശ്യത്തിന്റെ ആവശ്യം. ഈ ഘട്ടത്തില്‍ നാം രണ്ടു കാര്യം ആലോചിക്കണം. ഇവന്‍ വാശി പിടിക്കുന്ന കാര്യം ഇപ്പോള്‍ ഈ കുഞ്ഞിന് അത്യാവശ്യമുള്ളതാണോ? ഇപ്പോള്‍ എനിക്ക് ഇവന്‍ ആവശ്യപ്പെടുന്നത് സാധിച്ചുകൊടുക്കാനുള്ള അവസ്ഥയുണ്ടോ?
രണ്ട് ഉത്തരങ്ങളും yes എന്നാണെങ്കില്‍ വാശിപിടിക്കാതെ സാധിച്ചു കൊടുക്കുക.
ഏതെങ്കിലും ഒരുത്തരം No ആണെങ്കില്‍ കാരണം വിശദീകരിച്ച് (ചുരുങ്ങിയ വാക്കുകളില്‍) അവിടെ നിന്നും മാറിപ്പോകുക.

കുട്ടി കുറച്ചു സമയം അവന്റെ നൈരാശ്യവും സങ്കടവും പ്രകടിപ്പിച്ചേക്കും. അവിടെ കാഴ്ചക്കാരായി നില്‍ക്കാതിരിക്കുക. മുമ്പേ പറഞ്ഞ കാര്യം ആവര്‍ത്തിക്കാമെന്നല്ലാതെ കൂടുതല്‍ വിശദീകരണങ്ങള്‍ കൊടുക്കാതിരിക്കുക.

സ്വന്തമായി ചിന്തിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും സൃഷ്ടിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരാണ് കുട്ടികള്‍. കുട്ടികളുടെ പഠനം അവരുടെ സാമൂഹ്യവളര്‍ച്ചക്കും വികാസത്തിനും സാമൂഹികാരോഗ്യത്തിനും മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അനിവാര്യമാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം സൃഷ്ടിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.