
അഗ്നിരക്ഷാ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അഗ്നിരക്ഷാ സേനയ്ക്ക് വിവരങ്ങള്‍ വേഗം നല്കി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനുമായി വകുപ്പ് നടത്തുന്ന കാമ്പയിന് ജില്ലയില്‍ ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ അഗ്നിരക്ഷാ വകുപ്പ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിന് നല്കി പ്രകാശനം ചെയ്തു. പത്തനംതിട്ട സ്റ്റേഷന് ഓഫീസര്‍ വി.വിനോദ്കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജീവനുഭീഷണിയുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അഗ്നിരക്ഷാ വകുപ്പ് സൗജന്യ സേവനം നല്‍കുന്നുണ്ടെന്ന അറിവ് പലര്‍ക്കുമില്ല. ഇതിനാല്‍ പല അപകടങ്ങളിലും സേനയെ വിവരം അറിയിക്കാറില്ല. 101 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ അഗ്നിരക്ഷാ നിലയങ്ങളിലാണ് കോള്‍ ലഭിക്കുക എന്നതിനെക്കുറിച്ചും പലര്‍ക്കും അറിവില്ല. ഈ സാഹചര്യത്തിലാണ് സേവനങ്ങളെക്കുറിച്ച് കാമ്പയിന് നടത്താന്‍ തീരുമാനിച്ചത്.