2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഗസ്ത്യക്കോട് സ്‌കൂളില്‍ അധ്യാപകരില്ലാത്ത സ്വാതന്ത്ര്യ ദിനാഘോഷം

അഞ്ചല്‍: അഗസ്ത്യക്കോട് ഗവ. ന്യൂ എല്‍.പി സ്‌കൂളിലെ ഇത്തവണത്തെ സ്വാതന്ത്ര ദിനാഘോഷം അധ്യാപകരില്ലാതെ.  
പ്രഥമാധ്യാപകന്‍ മാത്രമാണ്  ഇപ്പോള്‍ നിലവിലുള്ളത്. പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതിനാല്‍  സ്‌കൂളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. എല്‍.കെ.ജി മുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി അറുപത്തിമൂന്നോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ഥികളില്ലാത്തതുമൂലം  നൂറുകണക്കിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ്  ഇവിടെയൊരു സ്‌കൂള്‍  അധ്യാപകരില്ലാത്തതുമൂലം പ്രതിസന്ധി നേരിടുന്നത്. താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡിപ്പാര്‍ട്ടുമെന്റ് ഉത്തരവാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളുടേയും പ്രവര്‍ത്തനം താളംതെറ്റിക്കുന്നതിന് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂണ്‍ ആദ്യവാരം സ്‌കൂളിലെ ഒരു അധ്യാപകന്‍ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ കിട്ടിയതുമൂലം സ്ഥലംമാറി പോയി. ഇതിനു പിന്നാലെ മറ്റ് രണ്ട് അധ്യാപകര്‍കൂടി സ്ഥലംമാറിപോയതോടെയാണ് സ്‌കൂളിലെ കുട്ടികളുടെ പഠനം തുലാസിലായത്.
അധ്യാപകരില്ലെന്നു  പ്രഥമാധ്യാപകനായ സുബൈര്‍ യഥാസമയം എ.ഇ.ഒയെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വേറെ അധ്യാപകരില്ലാത്തതിനാല്‍  സ്‌കൂളിലെ
വിവിധ ആവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസില്‍ പോകാനും   ട്രെയിനിങ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും കഴിയാതെ പ്രഥമാധ്യാപകനും പ്രതിസന്ധിയിലായിരിക്കുകയാണ്.
കുട്ടികളുടെ പഠനം  മുടങ്ങിയതോടെ രക്ഷകര്‍ത്താക്കളുടെയും പ്രദേശത്തെ സാംസ്‌കാരിക സംഘടനയായ ശൈവ വൈഷ്ണവ സംഘത്തിന്റേയും നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിനിധികള്‍ അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെത്തി എ.ഇ.ഒയുമായി ചര്‍ച്ച നടത്തുകയും അധ്യാപകരില്ലാത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തിന് സ്‌കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും കൂട്ടത്തോടെ എ.ഇ ഓഫിസ് പടിക്കല്‍ സമരം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.തുടര്‍ന്ന്  കഴിഞ്ഞ 12ന് അധ്യാപക വിഷയത്തില്‍ പരിഹാരം കാണുമെന്ന എ.ഇ.ഒ ഉറപ്പു നല്‍കിയിരുന്നു, എന്നാല്‍ ആ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.