2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

അക്ഷരവെളിച്ചം വിതറി ‘അക്ഷരശ്രീ’ മുന്നേറുന്നു

തിരുവനന്തപുരം: നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം കഴക്കൂട്ടം ജി.എച്ച്.എസ്.എസില്‍ മേയര്‍ വി.കെ പ്രശാന്ത് നിര്‍വഹിച്ചു. സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചിരുന്നു.
പാപ്പനംകോട് ഗവ.ജി.എച്ച്.എസിലെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ മനോജ് മണിയൂര്‍ നിര്‍വഹിച്ചു. തിരുമല എ.എം.എച്ച്.എസ്.എസില്‍ പ്രിന്‍സിപ്പല്‍ രാജശ്രീ, പേരൂര്‍ക്കട ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ കൗണ്‍സിലര്‍ പി.എസ്.അനില്‍കുമാര്‍, വഞ്ചിയൂര്‍ എച്ച്.എസില്‍ മുന്‍ ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍.സതീഷ്‌കുമാര്‍, കരമന ജി.ബി.എച്ച്.എസില്‍ കൗണ്‍സിലര്‍ കരമന അജിത്ത്, പൗഡിക്കോണം അയിരൂര്‍പ്പാറ എച്ച്.എസ്.എസില്‍ കൗണ്‍സിലര്‍ നാരായണമംഗലം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
അഞ്ച് വാര്‍ഡുകള്‍ക്ക് ഒരു പഠനകേന്ദ്രം വീതം എന്ന ക്രമത്തിലാണ് പത്താംതരത്തിനും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പത്താംതരത്തിന് ഒരു വാര്‍ഡില്‍ നിന്ന് 15 പേരെ വീതവും ഹയര്‍ സെക്കന്‍ഡറിക്ക് 10 പേരെ വീതവും ഉള്‍പ്പെടുത്തിയാണ് ഓരോ വിഭാഗത്തിനും പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 100 വാര്‍ഡുകളില്‍ പത്താം തരത്തിന് 20, ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 20 എന്നിങ്ങനെയാണ് പഠനകേന്ദ്രങ്ങളുടെ എണ്ണം. സാക്ഷരത, നാലാംതരം, ഏഴാംതരം എന്നീ വിഭാഗങ്ങള്‍ക്ക് ഒരു വാര്‍ഡില്‍ ഒരു പഠനകേന്ദ്രം എന്ന കണക്കില്‍ മൊത്തം 300 പഠന കേന്ദ്രങ്ങളുമുണ്ട്.
സാക്ഷരത, നാല്, ഏഴ്, പത്ത് തുല്യതാ ക്ലാസുകളില്‍ പൂര്‍ണമായും സ്ത്രീ പഠിതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയാണ് ക്ലാസുകള്‍.
സാക്ഷരതയില്‍ ഒരു വാര്‍ഡില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു വാര്‍ഡില്‍ 20 വീതവും ഏഴാംതരത്തിന് 15 വീതവും പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭയുടെ മൊത്തം 100 വാര്‍ഡുകളിലുമായി വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കളുടെ എണ്ണം ഇപ്രകാരമാണ്: സാക്ഷരത- 2500, നാലാംതരം- 2000, ഏഴാംതരം- 1500, പത്താംതരം- 1500, ഹയര്‍സെക്കന്‍ഡറി തുല്യത- 1000. കലാവധി ഇങ്ങനെയാണ്: സാക്ഷരത- മൂന്ന് മാസം, നാലാംതരം തുല്യത- ആറ് മാസം, ഏഴാംതരം തുല്യത- എട്ട് മാസം, പത്താംതരം തുല്യത- 10 മാസം, ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ട് അധ്യയന വര്‍ഷം. അവധി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ക്ലാസുകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News