2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അക്രമികളുടെ വിവരം പുറത്തുവിട്ട് യു.കെ

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്‌ക്രീപാല്‍(66), മകള്‍ യൂലിയ(33) എന്നിവര്‍ക്കെതിരേയുണ്ടായ രാസായുധ ആക്രമണത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്നവരുടെ വിവരം പുറത്ത് വിട്ട് യു.കെ .റഷ്യന്‍ പൗരന്മാരായ അലക്‌സാണ്ടര്‍ പെട്രോവ്, റുസ്‌ലാന്‍ ബൊഷ്‌റോപ് എന്നിവരാണ് ആക്രമണത്തിന് പിന്നലെന്ന് യു.കെ പ്രധാനമന്ത്രി തേരേസാ മേ പറഞ്ഞു. 

റഷ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണിവര്‍. റഷ്യന്‍ സര്‍ക്കാരിന്റെ ഉന്നത തല അനുമതിയോടെയാണ് ഇരുവര്‍ക്കുമതിരേ ആക്രമണമുണ്ടായത്.
ദേശീയ സുരക്ഷക്കെതിരേയുള്ള റഷ്യയുടെ ഏത് നീക്കത്തിനെതിരേയും ശക്തമായ പ്രതികരണമുണ്ടായിരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ ബ്രിട്ടിഷ് പ്രോസിക്യൂഷന്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു.
കൊലപാതക ഗൂഢാലോചന, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കതെിരേ ചുമത്തിയിരിക്കുന്നത്. ഇരുവരുമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പറഞ്ഞു.
ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. സ്‌ക്രീപാലിനും യൂലിയക്കുമെതിരേ സലിസ്ബറിയില്‍ മാര്‍ച്ചിലാണ് രാസായുധ ആക്രമണമുണ്ടായത്. ഡോണ്‍ സ്േ്രടാജസ്, ചാര്‍ലി റോളി എന്നിവര്‍ക്കെതിരേ ജൂണ്‍ 30നുണ്ടായ ആക്രമണത്തിലും അലക്‌സാണ്ടര്‍ പെട്രോവ്, റുസ്‌ലാന്‍ ബൊഷ്‌റോപ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് യു.കെ പൊലിസിന്റെ വാദം. ആക്രമണത്തെ തുടര്‍ന്ന് സ്‌ട്രോജസ് ജൂലൈ 9ന് ആശുപത്രിയില്‍വച്ച് മരിച്ചിരുന്നു.
എന്നാല്‍ മുന്‍ ചാരനെതിരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് യു.കെ പുറത്തുവിട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് അറിയില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്രോവ പറഞ്ഞു.
സലിസ്ബറിയില്‍ നടന്ന ആക്രമണത്തില്‍ റഷ്യക്ക് യാതൊരു ബന്ധവുമില്ല. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ യു.കെ സഹകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സെര്‍ജി സ്‌ക്രീപാലിനും മകള്‍ക്കുമതിരേയുള്ള ആക്രമണത്തെ തുടര്‍ന്ന് റഷ്യ-യു.കെ ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.